Top

'കുട്ടിയെ പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ ആരോ ഉണ്ട്, അമ്മയുടെ മൊഴികള്‍ വിശ്വസനീയമല്ല': ശിശുക്ഷേമ സമിതി

മകളെ ആരും ഉപദ്രവിക്കുന്നതായി കണ്ടില്ലെന്നും ശരീരത്തിലെ മുറിവുകള്‍ സ്വയം ഉണ്ടാക്കിയതാണെന്നുമാണ് അമ്മ പറയുന്നത്.

23 Feb 2022 4:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുട്ടിയെ പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ ആരോ ഉണ്ട്, അമ്മയുടെ മൊഴികള്‍ വിശ്വസനീയമല്ല: ശിശുക്ഷേമ സമിതി
X

തൃക്കാക്കരയില്‍ നിന്നും പരിക്കുകളോടെ രണ്ടരവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ അമ്മയും അമ്മൂമ്മയും പറയുന്ന മൊഴികള്‍ വിശ്വസനീയമല്ലെന്ന് ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ട് അഡ്വ. കെ എസ് അരുണ്‍ കുമാര്‍. കുട്ടിയെ പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ ആരോ ഉണ്ട്. പരിക്കിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും അരുണ്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

കുട്ടിയെ ആദ്യം സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പിന്നീട് സ്ഥിതി വഷളായതോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിക്കുകയുമായിരുന്നു. കുട്ടി തന്നെ സ്വന്തമായി ഏല്‍പ്പിച്ചതാണ് പരിക്കെന്നത് വിശ്വസനീയമല്ല. ഇക്കാര്യം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘം സ്ഥിരീകരിച്ചതാണ്. തലയിലെ രക്തസ്രാവവും കൈയ്യിലെ ഒടിവും പൊള്ളലുമെല്ലാം കുട്ടി സ്വയം ഉണ്ടാക്കിയതല്ലെന്ന നിഗമനത്തില്‍ തന്നെയാണ് ഡോക്ടര്‍മാര്‍. അത് രണ്ട് ദിവസം കൊണ്ട് ഉണ്ടായതല്ല, പലതും പതിനഞ്ച് ദിവസം പഴക്കമുള്ള പരിക്കുകളാണെന്നും അരുണ്‍ വിശദീകരിച്ചു.

മകളെ ആരും ഉപദ്രവിക്കുന്നതായി കണ്ടില്ലെന്നും ശരീരത്തിലെ മുറിവുകള്‍ സ്വയം ഉണ്ടാക്കിയതാണെന്നുമാണ് അമ്മ പറയുന്നത്.

അമ്മയുടെ വാക്കുകള്‍: ''ആന്റണി ടിജിന്‍ ഇതുവരെ മകളെ മര്‍ദ്ദിച്ചതായി കണ്ടിട്ടില്ല. കഴിഞ്ഞ മൂന്ന് ആഴ്ചകളായി അസാധാരണ വിധമാണ് കുട്ടി പെരുമാറുന്നത്. ജനലിന്റെ മുകളില്‍ നിന്ന് പല തവണ താഴേക്ക് ചാടിയിട്ടുണ്ട്. ഇത് വിലക്കുമ്പോള്‍ അനുസരിച്ചിട്ടില്ല. ഇതിന്റെ വേദനകളും പ്രകടിപ്പിച്ചിട്ടില്ല. കുന്തിരിക്കം കത്തിച്ചതിലേക്ക് വീണപ്പോഴാണ് പൊള്ളലേറ്റത്. ഈ മുറിവുകള്‍ കടിക്കുന്ന സ്വഭാവവും കുട്ടിക്കുണ്ടായിരുന്നു. ഇത് തുടര്‍ന്നതോടെയാണ് പരുക്ക് വലുതായത്. രണ്ട് ദിവസം പനിയുണ്ടായിരുന്നു. ഇതോടെ അപസ്മാര ലക്ഷണങ്ങളും കൂടി. ഭര്‍ത്താവുമായി ഏഴു മാസമായി പിരിഞ്ഞു കഴിയുകയാണ്. അദ്ദേഹം ഒരു ചിപ്പ് മകളുടെ ശരീരത്തില്‍ വച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇത് പരിശോധിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബാധ പോലെയുള്ള പ്രശ്‌നങ്ങളാണ് കുട്ടി അനുഭവിക്കുന്നത്.''

Next Story

Popular Stories