കെ റെയിലിന് അനുമതി നിഷേധിച്ച കേന്ദ്ര തീരുമാനം സ്വാഗതാർഹം; കെ സുരേന്ദ്രൻ
യഥാർത്ഥ ഡിപിആർ നൽകിയാൽ പദ്ധതി നടക്കില്ലെന്ന് സംസ്ഥാന സർക്കാരിനറിയാം.
2 Feb 2022 12:07 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെറെയിലിന് അനുമതി നിഷേധിച്ചുകൊണ്ടുളള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ജനങ്ങളെ സംബന്ധിച്ച് ആശ്വാസകരമായ നടപടിയാണിത്. പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ടുപോവണം. കേരളത്തിന് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
യഥാർത്ഥ ഡിപിആർ നൽകിയാൽ പദ്ധതി നടക്കില്ലെന്ന് സംസ്ഥാന സർക്കാരിനറിയാം. ഡിപിആറിൽ പലതും മറച്ചു വെച്ചിട്ടുണ്ട്. പിണറായി വിജയന്റെ ദിവാ സ്വപ്നം മാത്രമായി കെ റെയിൽ അവശേഷിക്കുമെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. കെ റെയിൽ നടപ്പാക്കരുതെന്നായിരുന്നു ബിജെപിയുടെ നിലപാട്. കേന്ദ്രം ഭരിക്കുന്നത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന സർക്കാരാണ്. അത്കൊണ്ടാണ് അനുമതി നിഷേധിച്ചെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ലമെന്റില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി അശ്വനി വൈഷ്ണവ് ആണ് കെ റെയിലിന് അനുമതി നിഷേധിച്ചു കൊണ്ടുളള കേന്ദ്ര സർക്കാർ തീരുമാനം അറിയിച്ചത്. കേരളം നല്കിയ ഡിപിആര്‍ പൂര്‍ണമല്ലെന്നും, സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോയെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയില്‍വെ സഹമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി പഠനം നടന്നിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇവയെല്ലാം പരിശോധിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാവു എന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഇതാദ്യമായാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായ ഒരു പ്രതികരണം നല്‍കുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാരായ എകെ പ്രേമചന്ദ്രന്, കെ മുരളീധരന് എന്നിവര്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിന് നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.