മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തത് സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ലംഘിച്ച്; പാലിക്കേണ്ടിയിരുന്ന ചട്ടങ്ങള്‍ ഇങ്ങനെ
''നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷം ജഡ്ജി തന്നെയാണ് തൊണ്ടി സീല്‍ ചെയ്യേണ്ടത്.''
13 July 2022 2:45 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി ആക്സസ് ചെയ്തെന്ന വാര്‍ത്ത വലിയ ഞെട്ടലാണുണ്ടാക്കിയത്. ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്ന വിചാരണക്കോടതിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനാ ഫലം ചൂണ്ടിക്കാട്ടുന്നു. മെമ്മറി കാര്‍ഡ് തുറന്നെന്ന് സ്ഥിരീകരിച്ചതോടെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട പല കര്‍ശന മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടെന്ന് വ്യക്തമായി.
ഡിജിറ്റല്‍ തെളിവ് കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ച് ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റെ വിധി ഇങ്ങനെ:
1. മെമ്മറി കാര്‍ഡ് കോടതിക്ക് ആക്സസ് ചെയ്യണമെങ്കില്‍ ഇരുവിഭാഗം അഭിഭാഷകരുടെ സാന്നിധ്യത്തിലായിരിക്കണം.
2. വിദഗ്ദരുടെ സഹായത്തോടെ, സാന്നിധ്യത്തിലായിരിക്കണം.
3. പരിശോധന റൈറ്റ്സ് ബ്ലോക്കര്‍ അടക്കമുള്ള ടൂളുകള്‍ ഉപയോഗിച്ച് കൊണ്ടായിരിക്കണം.
ഇത്തരത്തില്‍ മാത്രമേ മെമ്മറി കാര്‍ഡുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ആക്സസ് ചെയ്യാന്‍ പാടുള്ളയെന്നിരിക്കെയാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി ആക്സസ് ചെയ്തെന്ന് കണ്ടെത്തിയത്.
ജൂലൈ 19നാണ് വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ട് വാട്സപ്പും ടെലിഗ്രാമും ഓപ്പറേറ്റ് ചെയ്തെന്ന് എഫ്എസ്എല് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ മറനീക്കുന്നത്. രാത്രി വളരെ വൈകിയാണ് മെമ്മറി കാര്‍ഡ് തുറന്നത്. വിവോ ഫോണില്‍ 2021 ജൂലൈ 19ന് 12.19 മുതല്‍ 12.54 വരെ മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തു. മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഇട്ടപ്പോള്‍ മെസേജിങ് ആപ്പുകള്‍ ഓപ്പറേറ്റ് ചെയ്തു. ദൃശ്യങ്ങള്‍ വാട്സാപ്പിലൂടെയോ ടെലിഗ്രാമിലൂടെയോ പുറത്തേക്ക് അയച്ചിട്ടുണ്ടാകും. മെമ്മറി കാര്‍ഡ് ഇട്ടപ്പോള്‍ വിവോ ഫോണില്‍ ഉണ്ടായിരുന്നത് ജിയോ സിം ആണെന്നും ഫോറന്‍സിക് പരിശോധനാഫലത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം തെളിവുകള്‍ തൊണ്ടി ക്ലാര്‍ക്കിന് പോലും തനിയെ കൈകാര്യം ചെയ്യാന്‍ നിയമപരമായി അനുവാദമില്ല. നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷം ജഡ്ജി തന്നെയാണ് തൊണ്ടി സീല്‍ ചെയ്യേണ്ടത്.