Top

കരിപ്പൂർ ബേസ് സ്റ്റേഷൻ അടച്ചുപൂട്ടാനുളള നടപടി ആരംഭിച്ചു; നടപടി എയർ ഇന്ത്യ സർവീസുകൾ പിൻവലിക്കുന്നതിന്റെ ഭാ​ഗമായി

ഇതോടെ ജീവനക്കാർക്ക് കോഴിക്കോട്ട് ലഭിച്ച അടിസ്ഥാനസൗകര്യങ്ങൾ നഷ്ടമാവുകയും ചെയ്യും

19 March 2023 5:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിപ്പൂർ ബേസ് സ്റ്റേഷൻ അടച്ചുപൂട്ടാനുളള നടപടി ആരംഭിച്ചു; നടപടി എയർ ഇന്ത്യ സർവീസുകൾ പിൻവലിക്കുന്നതിന്റെ ഭാ​ഗമായി
X

കോഴിക്കോട്: കരിപ്പൂർ ബേസ് സ്റ്റേഷൻ അടച്ചുപൂട്ടാനുളള നടപടി ആരംഭിച്ചു. കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തിലെ എയർ ഇന്ത്യ സർവീസുകൾ പിൻവലിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി. ഇതേ തുടർന്ന് കാബിൻ ക്രൂ, എയർ ഹോസ്റ്റസ് തുടങ്ങിയവരുടെ ബേസ്‌സ്റ്റേഷൻ കരിപ്പൂരിൽനിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് മാറ്റി. ഇതോടെ ജീവനക്കാർക്ക് കോഴിക്കോട്ട് ലഭിച്ച അടിസ്ഥാനസൗകര്യങ്ങൾ നഷ്ടമാവുകയും ചെയ്യും.

കോഴിക്കോട്ടുനിന്ന് എയർ ഇന്ത്യ സർവീസുകൾ ഉള്ളത് ഷാർജ-കോഴിക്കോട്-ഷാർജ, ദുബായ്-കോഴിക്കോട്-ദുബായ് മേഖലയിലാണ്. 321 സർവീസുകളാണ് വർഷത്തിലുളളത്. എയർ ഇന്ത്യ എക്സ്പ്രസ്റ്റിന് ഈ സർവീസുകൾ കൈമാറുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതോടു കൂടി ഈ മേഖലകളിലേക്കുളള ബിസിനസ്സ് ക്ലാസ്സോടെയുള്ള വിമാന സർവീസ് കരിപ്പൂർ വിമാനത്താവളത്തിന് നഷ്ടമാവും. ചരക്ക് കയറ്റുമതിയേയും എയർ ഇന്ത്യയുടെ ഈ നീക്കം ബാധിക്കും.

കരിപ്പൂരിൽനിന്നുള്ള കയറ്റുമതിയുടെ പ്രധാന പങ്കു വഹിക്കുന്നത് യുഎഇയിലേക്കാണ്. ഈ നീക്കത്തിൽ 321 വിമാനസർവീസുകളാണ് കരിപ്പൂരിന് നഷ്ടമാവുന്നത്. എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തിരുന്നു. ഏറ്റെടുത്ത് ഒരുവർഷം പൂർത്തിയാകുന്ന സമയത്താണ് മാറ്റം കൊണ്ടു വരുന്നത്. കോഴിക്കോട് വിമാനത്താവളം വന്നതുമുതൽ സർവീസ് നടത്തുന്ന കമ്പനിയാണ് എയർ ഇന്ത്യ. ഇതിനു മുമ്പ് ഇന്ത്യൻ എയർലൈൻസായിരുന്നു ഈ സർവീസ് നടത്തിയിരുന്നത്. ഈ സർവീസുകൾ വലിയ രീതിയിലുളള ലാഭമാണ് എയർ ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്.

STORY HIGHLIGHTS: action initiated to close down karipur base station

Next Story