
'മഴയായതിനാൽ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങേണ്ട എന്ന് അവർ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെ നിന്ന് ഓടി പൊയ്ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെ നിന്ന് പറന്ന് പോയി. കിളി പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും അവിടെ നിന്ന് കുട്ടികൾ ഓടാൻ തുടങ്ങി.'
ഉരുൾ വിഴുങ്ങിയ മുണ്ടക്കൈയിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ കൈറ്റ് സിഇഒ ആയ കെ അൻവർ സാദത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വരാനിരിക്കുന്ന ദുരന്തം മുൻകൂട്ടി കണ്ടെന്ന പോലെ വെള്ളാർമല സ്കൂളിലെ കുട്ടികളിലൊരാൾ എഴുതിയ കഥയെക്കുറിച്ചാണ് കുറിപ്പ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വെള്ളാരങ്കല്ലുകൾ എന്ന ഡിജിറ്റൽ മാഗസിനിലെ കഥയിലാണ് യാദൃച്ഛികമായ ഈ പരാമർശമുള്ളത്.
ലയ എന്ന വിദ്യാർത്ഥിനി എഴുതിയ ആഗ്രഹത്തിന്റെ ദുരനുഭവം എന്ന കഥയിലാണ് മേൽപ്പറഞ്ഞ പരാമർശമുള്ളത്. ഈ കുറിപ്പ് സോഷ്യൽമീഡിയയിൽ ചര്‍ച്ചയാവുകയാണ്. വെള്ളച്ചാട്ടത്തിൽപ്പെട്ട് മരിച്ച ഒരു പെൺകുട്ടി കിളിയായി വന്ന് മുന്നറിയിപ്പ് നൽകിയെന്ന തരത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്.
വെള്ളാർമല സ്കൂൾ കെട്ടിടം പ്രതിരോധം തീർത്തതിനാലാണ് ചൂരൽമല ടൗൺ ഉരുളിലുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടുപോകാഞ്ഞത്. കെട്ടിടത്തിൽ തടഞ്ഞുനിന്ന മരങ്ങൾ സ്കൂള്കെട്ടിടത്തില് തടഞ്ഞുനിന്നതാണ് ടൗണിന് രക്ഷയായത്. താഴത്തെ നില പൂർണമായും മണ്ണും ചെളിയും കൊണ്ട് നിറഞ്ഞെങ്കിലും വമ്പന്മാരായ മരങ്ങളെ തടഞ്ഞു നിർത്താൻ സ്കൂളിന് സാധിച്ചു. നിലം പതിച്ചിരുന്നെങ്കിൽ സ്കൂളിന് പിന്നിൽ സ്ഥിതി ചെയ്യുന്ന ഒട്ടേറെ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടാകുകയും അവയിലുണ്ടായിരുന്ന മനുഷ്യരും ഉരുളില്‍ പെടുകയും ചെയ്തേനെ. സ്കൂളിന്റെ മുന്നിലെ പുന്നപ്പുഴയിലൂടെയാണ് കൂറ്റൻ പാറകളും മരങ്ങളും മണ്ണും കൂടിച്ചേർന്ന് കുത്തിയൊലിച്ച് ഒരു നാടിനെ തന്നെ വിഴുങ്ങിയത്.
അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിട്ടുണ്ട്. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. അടിയന്തരമായി ഇക്കാര്യത്തിൽ നടപടി എടുക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തും. സ്കൂളിന് ചുറ്റുമതിലും പണിയും. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.