അർജുന്റെ കു‍ഞ്ഞിനോട് ചോദ്യങ്ങളുന്നയിച്ച സംഭവം; യൂട്യൂബ് ചാനലിന് എതിരെ കേസെടുത്തു

മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോടും, ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും, യൂട്യൂബ് ചാനലിനോടും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി.

dot image

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിന് എതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോടും, ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും, യൂട്യൂബ് ചാനലിനോടും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി.

അർജുന്റെ രണ്ടു വയസ്സുള്ള മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ ചോദിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബാലാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. പാലക്കാട് അലനല്ലൂർ സ്വദേശി പി.ഡി.സിനിൽ ദാസ് ആണ് പരാതി നൽകിയത്. കുഞ്ഞിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങൾ ചോദിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നത്.

അതേസമയം, അർജുനായുള്ള തിരച്ചിൽ 13ാം ദിവസവും വിഫലമായി. പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാദൗത്യം താത്കാലികമായി നിർത്തിവെക്കുകയാണെന്ന് കർണാടക അറിയിച്ചു. പുഴയിലെ തിരച്ചിൽ നിലവിൽ നടക്കില്ലെന്നാണ് കർണാടക ആവർത്തിക്കുന്നത്. പുഴയിൽ ഒഴുക്ക് കുറഞ്ഞാലേ തിരച്ചിൽ നടത്താനാകൂ. തൃശ്ശൂരിൽ നിന്ന് ഫ്‌ളോട്ടിങ് ബാർജ് എത്തിക്കുമെന്നും ഇന്ന് വൈകുന്നേരം ചേർന്ന യോ​ഗത്തിന് ശേഷം കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

എന്നാൽ, തിരച്ചിൽ നിർത്തിയതിൽ കേരളം പ്രതിഷേധം അറിയിച്ചു. പതിമൂന്നാം നാൾ പാതിവഴിയിൽ അവസാനിപ്പിച്ച അവസ്ഥയിലാണ് രക്ഷാദൗത്യം.

dot image
To advertise here,contact us
dot image