സി-ഡിറ്റിൽ ചട്ടലംഘനം; ഡയറക്ടർ പദവി അവസാനിച്ചിട്ടും ഉത്തരവില്ലാതെ തുടർന്ന് ടിഎൻ സീമയുടെ ഭർത്താവ്

സി-ഡിറ്റിൽ ചട്ടലംഘനം; ഡയറക്ടർ പദവി അവസാനിച്ചിട്ടും ഉത്തരവില്ലാതെ തുടർന്ന് ടിഎൻ സീമയുടെ ഭർത്താവ്

ഏഴാം തീയതി ഡയറക്ടർ പദവി അവസാനിച്ചിട്ടും ഉത്തരവില്ലാതെ അതേ പദവിയിൽ തുടരുകയാണ് ജി ജയരാജ്

തിരുവനന്തപുരം: സി-ഡിറ്റിൽ ഗുരുതര ചട്ടലംഘനം. ഏഴാം തീയതി ഡയറക്ടർ പദവി അവസാനിച്ചിട്ടും ഉത്തരവില്ലാതെ അതേ പദവിയിൽ തുടരുകയാണ് സിപിഐഎം നേതാവ് ടി എൻ സീമയുടെ ഭർത്താവ് കൂടിയായ ജി ജയരാജ്. ജോലിയിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ട ജയരാജ് ഔദ്യോഗിക കാറും പദവിയുമെല്ലാം ഉപയോഗിക്കുന്നത് ഉന്നത സ്വാധീനം കൊണ്ടെന്നാണ് വ്യക്തമാകുന്നത്.

ജി ജയരാജിന് സി-ഡിറ്റ് ഡയറക്ടർ സ്ഥാനത്ത് തുടരാനുള്ള ഉത്തരവില്ല. പക്ഷേ എന്നിട്ടും തുടരുകയാണ്. ഉത്തരവ് ലഭിക്കുമെന്ന ഉറപ്പിലാണ് ജോലിയിൽ തുടരുന്നത്. കഴിഞ്ഞ വർഷം ജൂലായിൽ ജി ജയരാജിനെ ഡയറക്ടറാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. ഇത് പ്രകാരം ഒരു വർഷത്തേക്കാണ് കാലാവധി. ജൂലൈ ഏഴാം തീയ്യതി കാലാവധി അവസാനിച്ചു. നിയമനം നീട്ടിനൽകിക്കൊണ്ടുള്ള ഉത്തരവില്ലെങ്കിലും ജി ജയരാജ് സ്വയം പ്രഖ്യാപിത ഡയറക്ടറായി പദവിയിൽ തുടരുന്നു എന്നതാണ് ഗുരുതര പ്രശ്നം.

എട്ടാം തീയതി മുതൽ സി-ഡിറ്റ് ഡയറക്ടറുടെ ഔദ്യോഗിക വാഹനമാണ് ജയരാജ് ഉപയോഗിക്കുന്നത്. സിഡിറ്റ് ഡയറക്ടർ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നു. ഒരു തടസ്സവുമില്ല. സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് സർക്കാർ തീരുമാനപ്രകാരം ജയരാജ് ഡയറക്ടറായത്. നിയമനം ലഭിച്ചിട്ട് വർഷം മൂന്ന് കഴിഞ്ഞു. ഓരോ തവണയും കാലാവധി തീരുന്നതിനനുസരിച്ച് പുതുക്കിക്കൊണ്ടിരിക്കും. അതിനിടെ വലിയ വിവാദങ്ങളും ഉയർന്നുവന്നു. ബന്ധു വിവാദവും യോഗ്യതയില്ലായ്മയും എല്ലാം കോടതിയുടെ പരിഗണനിയിലുമെത്തി. രണ്ട് വനിതാ ജീവനക്കാരികൾ കൊടുത്ത പരാതിയിൽ പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

logo
Reporter Live
www.reporterlive.com