പിഎസ്‌സി കോഴ: നടപടിയെടുക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം

പരാതി കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടായി. മറ്റ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും സിപിഐഎം സംസ്ഥാന നേതൃത്വം
പിഎസ്‌സി കോഴ: നടപടിയെടുക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം

കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തില്‍ നടപടിയെടുക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം. പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് നിര്‍ദേശം നല്‍കിയത്. പരാതി കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടായി. മറ്റ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും സിപിഐഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചു.

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതി. സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെയാണ് ആരോപണം. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ നല്‍കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

സിപിഐഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

അതേസമയം പ്രമോദ് കോട്ടൂളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചത്. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും അവൈലബിള്‍ സെക്രട്ടേറിയറ്റ് ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആരോപണത്തെ പൂര്‍ണമായും തള്ളാതെയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സംസ്ഥാനത്ത് പിഎസ്‌സി എന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസരിച്ച് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ്. അതിലെ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും പ്രവര്‍ത്തനങ്ങളിലും അഴിമതി നടന്നിട്ടില്ല. ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com