'ബാഹ്യഇടപെടൽ ഉണ്ടായിട്ടില്ല,പിഎസ്‌സിയെ കരിവാരി തേക്കാൻ ശ്രമിക്കരുത്'; സതീശന് മുഖ്യമന്ത്രിയുടെ മറുപടി

ഇന്നും പ്രതിപക്ഷം പിഎസ്‍സി കോഴ ആരോപണ വിവാദം നിയമസഭയിൽ ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ മറുപടി
pinarayi vijayan vd satheesan
pinarayi vijayan vd satheesan

തിരുവനന്തപുരം: രാജ്യത്ത് തന്നെ മാതൃകാപരമായ റിക്രൂട്ടിംഗ് ഏജൻസിയാണ് പിഎസ്‍സിയെന്ന് കോഴ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി. നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്നും പ്രതിപക്ഷം പിഎസ്‍സി കോഴ ആരോപണ വിവാദം നിയമസഭയിൽ ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

നിയമനങ്ങളിൽ ഒരു ബാഹ്യ ഇടപെടലുകളും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമനം നടക്കുന്നത് മന്ത്രിസഭയുടെ ശുപാർശ പരിഗണിച്ചാണ്. ഗവർണറുടെ അംഗീകാരത്തോടെയാണ് നിയമനം നടക്കുന്നത്. പിഎസ്‍സി നിയമന നടപടികളെല്ലാം സുതാര്യമാണ്. അപകീർത്തിപ്പെടുത്തും വിധമുള്ള ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്നും മാധ്യമ വാർത്തകൾ അല്ലാതെ ക്രമക്കേട് സംബന്ധിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സിയെ സംശയമുനയിൽ നിർത്തുന്ന നടപടിയാണ് കോഴ വിവാദമെന്ന് വി ഡി സതീശൻ സഭയിൽ ചൂണ്ടിക്കാണിച്ചു. കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ആരോപണം ഉയർന്നിരിക്കുന്നത് ഉന്നതരുടെ വേണ്ടപ്പെട്ടവർക്കെതിരെയാണ്. നിങ്ങളെയൊക്കെ ചൂണ്ടിക്കാണിച്ചാണ് പണം വാങ്ങുന്നത്. കണ്ണൂരിലെ പോലെ കോഴിക്കോടും കോക്കസുണ്ട്. സർക്കാർ നയിക്കുന്ന പ്രധാന പാർട്ടി തന്നെ പിഎസ്‍സിയെ ലേലത്തിൽ വച്ചാൽ മറ്റു ഘടകകക്ഷികളും ലേലത്തിൽ വെക്കില്ലേ? എന്തൊരു അപമാനകരമായ കാര്യമാണിത്. സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമല്ല. പാർട്ടിയിലെ ആഭ്യന്തര കാര്യമാണെങ്കിൽ ഞങ്ങൾ ഇടപെടാൻ വരില്ല. മന്ത്രിമാരുടെ ഉൾപ്പെടെ പേര് പറഞ്ഞ് നടത്തിയ തട്ടിപ്പാണിത്. പരാതി കിട്ടിയിട്ട് എന്തുകൊണ്ട് ഫ്രീസറിൽ വച്ചുവെന്ന് ചോദിച്ച സതീശൻ അടിയന്തരമായി അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പിഎസ്‍സി അംഗങ്ങളുടെ എണ്ണം കൂട്ടിയത് യുഡിഎഫ് ഭരണകാലത്താണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഒരു ഘട്ടത്തിലും ഇടത് സർക്കാർ ആരുടെയും എണ്ണം വർധിപ്പിച്ചിട്ടില്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് അംഗങ്ങളെ നിയമിക്കുന്നത്. യോഗ്യരായ ആളുകളെ മാത്രം നിശ്ചയിക്കുക എന്നതാണ് സർക്കാർ രീതി. അക്കാര്യത്തിൽ ദുസ്വാധീനങ്ങളോ തെറ്റായ രീതികളോ ഉണ്ടാകുന്നില്ല എന്നുള്ളത് ഉറപ്പിച്ചിട്ടുണ്ട്.

പിഎസ്‌സി അംഗങ്ങളുടെ നിയമനം സംബന്ധിച്ച് ഒരു ആക്ഷേപവും ഇതുവരെ ഉയർന്നു വന്നിട്ടില്ല. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പേരിൽ ഇ-മെയിൽ ആയി ലഭിച്ച പരാതി മാത്രമാണ് ആകെയുള്ളത്. ഇന്ന് രാവിലെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്. സഭയിൽ ഉന്നയിക്കുന്ന ആരോപണത്തിന് പിൻബലം വേണമെന്നുള്ളതുകൊണ്ടാണ് ആ പരാതി അയച്ചത്. ഏതുതരത്തിലുള്ള അന്വേഷണത്തിനും സർക്കാർ തയ്യാറാണ്. ഒരു ആശങ്കയും വേണ്ട. തട്ടിപ്പുകൾ പലവിധം നടക്കുന്നുണ്ട്. തട്ടിപ്പുകാർക്കെതിരെ കർശനമായ നടപടിക്ക് സർക്കാർ തയ്യാറാണ്. നടപടിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ‌പിഎസ്‌സിയെ കരിവാരി തേക്കാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ സഭയിൽ ഭരണപക്ഷ ബഹളം ആരംഭിച്ചു.

എന്നാൽ യൂത്ത് കോൺഗ്രസിന്റെ പരാതി തനിക്കറിയില്ലെന്നാണ് വി ഡി സതീശൻ മറുപടി നൽകിയത്. ഇവിടുത്തെ വിഷയം അത് അല്ല. എന്തിനാണ് ഡോക്ടർ ദമ്പതികളുടെ മൊഴിയെടുത്തത്? എന്തിനാണ് പാർട്ടിയും സർക്കാരും പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞത് ? വാങ്ങിയ കാശ് തിരിച്ചുകൊടുത്ത് സെറ്റിൽമെന്റിന് ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതോടെ സഭ ബഹളത്തിൽ മുങ്ങുകയും പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിന് സർക്കാർ നീങ്ങിയിട്ടില്ല.തെറ്റ് ആരുടെ ഭാഗത്തുണ്ടായാലും കർക്കശ നടപടി എന്നതാണ് സർക്കാർ നിലപാട്. കോൺഗ്രസിന്റെ ശൈലി വെച്ച് മറ്റുള്ളവർക്കെതിരെ ആരോപണം ഉന്നയിക്കരുത്. പ്രതിപക്ഷത്തിന്റെ ഈ ശൈലി തങ്ങൾക്ക് ബാധകമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

pinarayi vijayan vd satheesan
പിഎസ്‍സി കോഴ; പ്രമോദ് കോട്ടൂളിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് പി മോഹനൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com