റിയാസിന്റെ പേരില് തട്ടിപ്പ്; പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് പണം വാങ്ങിയെന്ന് പരാതി

കോഴിക്കോട് നഗരത്തിലെ യുവജന നേതാവും ഏരിയാ സെന്റര് അംഗവുമായ നേതാവിനെതിരെയാണ് പരാതി

dot image

കോഴിക്കോട്: കോഴിക്കോട്ടെ സിപിഐഎമ്മില് കോഴ ആരോപണം. പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് കോഴവാങ്ങിയതായി പാര്ട്ടിക്ക് പരാതി ലഭിച്ചു. കോഴിക്കോട് നഗരത്തിലെ യുവജന നേതാവും ഏരിയാ സെന്റര് അംഗവുമായ നേതാവിനെതിരെയാണ് പരാതി. 60 ലക്ഷം രൂപയാണ് ഇയാള് ആവശ്യപ്പെട്ടതെന്നും ആദ്യ ഘടുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില് പറയുന്നു.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. സിപിഐഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള് പണം നല്കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില് സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്ത്തി. എന്നാല് ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള് പാര്ട്ടിക്ക് പരാതി നല്കിയത്. സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള് പാര്ട്ടിക്ക് കൈമാറിയതായാണ് സൂചന. പാര്ട്ടിയുമായി ബന്ധമുള്ള ഒരു ഡോക്ടറാണ് പണം നല്കിയതെന്നാണ് വിവരം.

പരാതിയില് സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തി. സിപിഐഎം ഏരിയാ തലത്തില് പ്രവര്ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പരാതി ഉയര്ന്നത്. സംഭവത്തില് വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില് വിശദമായ അന്വേഷണം നടത്താനാണ് പാര്ട്ടി നേതൃത്വത്തിന്റെ തീരുമാനം.

എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്ടിസി ബസ്, 300 മിനി ബസുകള് വാങ്ങും: കെ ബി ഗണേഷ് കുമാര്
dot image
To advertise here,contact us
dot image