ഗൂഗിള് മാപ്പ് നോക്കി യാത്ര, കാര് പതിച്ചത് പുഴയില്; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്

ഇന്ന് പുലര്ച്ചെ 5.15ഓടെയായിരുന്നു അപകടം

dot image

കാസര്കോട്: കൈവരി ഇല്ലാത്ത പാലത്തില് നിന്ന് കാര് പുഴയിലേക്ക് മറിഞ്ഞ് അപകടം. കാസര്കോട് പള്ളഞ്ചി-പാണ്ടി റോഡില് പള്ളഞ്ചി ഫോറസ്റ്റിനടുത്താണ് സംഭവം. കാറിലുണ്ടായിരുന്നവര് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് പുലര്ച്ചെ 5.15ഓടെയായിരുന്നു അപകടം. അമ്പലത്തറ മുനമ്പം ഹൗസില് എം അബ്ദുല് റഷീദ്, ബന്ധുവായ ഏഴാം മൈല് അഞ്ചില്ലത്ത് ഹൗസില് എ തഷ്രിഫ് എന്നിവരാണ് അപകടത്തില്പ്പെട്ടത്. കര്ണാടക ഉപ്പിനങ്ങാടിയിലെ ആശുപത്രിയിലേക്കായിരുന്നു ഇവരുടെ യാത്ര. ഗൂഗിള് മാപ്പ് നോക്കിയാണ് ഇവര് യാത്ര ചെയ്തത്.

അതിരാവിലെ വേണ്ടത്ര വെളിച്ചമില്ലാത്തതിനാല് ചാലും പാലവും ഉള്ളതായി ഇവര് തിരിച്ചറിഞ്ഞില്ല. മാപ്പ് നോക്കി സഞ്ചരിച്ച സംഘം റോഡിലൂടെ വെള്ളം ഒഴുകുന്നതാണെന്ന് കരുതി വാഹനം പുഴയിലേക്ക് ഇറക്കുകയായിരുന്നു. ഒഴുക്കില്പ്പെട്ട കാറില് നിന്ന് വിന്ഡോ ഗ്ലാസിലൂടെ പുറത്തിറങ്ങിയ ഇരുവരും പുഴയ്ക്ക് നടുവിലുള്ള കുറ്റിച്ചെടിയില് പിടിച്ചുനിന്നു.

ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയും ലൊക്കേഷന് അയച്ചു നല്കുകയും ചെയ്തു. തുടര്ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും ചേര്ന്ന് ഒരു മണിക്കൂര് നീണ്ട പരിശ്രമത്തിനൊടുവില് യുവാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു.

dot image
To advertise here,contact us
dot image