പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്തു; കടക്കെണിയിലായി കായംകുളത്തെ സിപിഐഎം പ്രവർത്തകർ

പാർട്ടി ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിന്നാണ് ഇവർക്ക് വായ്പ നൽകിയത്

dot image

ആലപ്പുഴ: കായംകുളം സിപിഐഎമ്മിൽ പുതിയ വിവാദം. പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്ത് നിരവധി സിപിഐഎം പ്രവർത്തകർ കടക്കെണിയിലായെന്നാണ് പുറത്തുവരുന്ന വിവരം. പത്രത്തിന് ക്വാട്ട തികയ്ക്കാൻ സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ നൽകി. അടയ്ക്കാനുള്ള തുക വരിക്കാരിൽ നിന്ന് മാസം തോറും പിരിച്ചെടുക്കാനായിരുന്നു നിർദേശം. പാർട്ടി ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിന്നാണ് ഇവർക്ക് വായ്പ നൽകിയത്. എന്നാൽ വായ്പയെടുത്തെങ്കിലും ഇപ്പോൾ വായ്പ അടയ്ക്കാനാവാതെ ബുദ്ധിമുട്ടുകയാണ് പാർട്ടി പ്രവർത്തകർ. വായ്പാ അടവ് മുടങ്ങിയതോടെ വരിക്കാരെ കൂട്ടാൻ നിർദേശം നൽകിയ നേതാക്കൾ കൈയൊഴിഞ്ഞു.

78 കാരനായ മുൻ പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിന് മാത്രം 50,000 രൂപയുടെ കുടിശികയാണ് അടയ്ക്കാനുള്ളത്. കൃഷ്ണപുരത്ത് ഒരു വാർഡിൽ മാത്രം ഒമ്പത് സിപിഐഎം പ്രവർത്തകർക്ക് പത്ര വരിക്കാരെ ചേർത്തതിൽ ബാധ്യതയുണ്ടായിട്ടുണ്ട്. 78 കാരനായ പാർട്ടി പ്രവർത്തകൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഷയം പുറത്തറിയുന്നത്. ഇതിന് പിന്നാലെ നിരവധി പേർ കടക്കെണിയിലായതിൻ്റെ വിവരം പുറത്തു വിട്ടു. പത്രവരിക്കാരെ ചേർത്തതിൻ്റെ കുടിശിക കാരണം പുതിയ വായ്പകൾ ലഭിക്കുന്നില്ലെന്ന ബുദ്ധിമുട്ടും അനുഭവിക്കുകയാണ് ഇവർ.

dot image
To advertise here,contact us
dot image