'തിരഞ്ഞെടുപ്പില്‍ കൂടെ നിന്നു'; എം പി വിന്‍സന്റിനെതിരെ നടപടി പാടില്ലെന്ന് കെ മുരളീധരന്‍

കെപിസിസി പ്രസിഡന്റിനെ പരാതി അറിയിച്ചിട്ടുണ്ട്
'തിരഞ്ഞെടുപ്പില്‍ കൂടെ നിന്നു'; എം പി വിന്‍സന്റിനെതിരെ നടപടി പാടില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: തൃശൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ നടപടി നേരിട്ട എം പി വിന്‍സന്റിനെതിരായ നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായി കെ മുരളീധരന്‍. തിരഞ്ഞെടുപ്പില്‍ വിന്‍സന്റ് കൂടെ നിന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടി പാടില്ലെന്നും കെ മുരളീധരന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റിനെ പരാതി അറിയിച്ചിട്ടുണ്ട്.

നടപടിയുടെ ഭാഗമായി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എം പി വിന്‍സന്റിനെയും ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. ഇരുവരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടു. പകരം വി കെ ശ്രീകണ്ഠന് ചുമതല നല്‍കാനാണ് തീരുമാനം. തൃശൂരിലെ സംഘടനയ്ക്കകത്ത് പ്രതിസന്ധി രൂക്ഷമായതെടെയാണ് നടപടി. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തിയത്.

ജോസ് വള്ളൂരിനെയും എം പി വിന്‍സന്റിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇവരുമായി സംസാരിച്ചു. തൃശൂരിലെ പ്രചാരണത്തില്‍ എവിടെയെല്ലാം വീഴ്ച്ച സംഭവിച്ചുവെന്നായിരുന്നു നേതാക്കളോട് ആരാഞ്ഞത്. എന്നാല്‍ വിശദീകരണം നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടത്. അതേസമയം തൃശൂരിലെ തോല്‍വിയില്‍ അന്വേഷണം നടത്താന്‍ ഉടന്‍ അന്വേഷണ കമ്മീഷനെ നിയമിക്കും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതിനെയും സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നാമത് പോയതിനെയും ഗൗരവമായാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാണുന്നത്. ജോസ് വള്ളൂരിനെതിരെയും എം പി വിന്‍സന്റിനെതിരെയും കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച ഇരുവരെയും പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റര്‍.

എന്നാല്‍ തോല്‍വി പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയമിക്കേണ്ടതില്ലെന്നും അത് കൂടുതല്‍ സംഘടനാ പ്രതിസന്ധികളിലേക്ക് പോകുമെന്നുമാണ് കെ മുരളീധരന്റെ നിലപാട്. കെപിസിസി അധ്യക്ഷനാകാനോ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇല്ല. മറിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സജീവമാകുമെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com