'പണക്കൊഴുപ്പും അഹങ്കാരവും വീട്ടിൽ മതി'; കാർ സ്വിമ്മിങ് പൂളാക്കിയ യൂട്യൂബർക്ക് മറുപടിയുമായി മന്ത്രി

ഹൈക്കോടതി ഇടപ്പെട്ട കേസായതിനാല്‍ തന്നെ ഇനി നല്ല റീച്ചായിരിക്കുമെന്നും, എന്നാല്‍ നിങ്ങള്‍ ഉദേശിച്ച റീച്ചായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു
'പണക്കൊഴുപ്പും അഹങ്കാരവും വീട്ടിൽ മതി'; കാർ സ്വിമ്മിങ് പൂളാക്കിയ യൂട്യൂബർക്ക് മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: യുട്യൂബിൽ വീഡിയോ റീച്ചിന് വേണ്ടി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി വീഡിയോ പങ്ക് വെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. 'യുട്യൂബിന് റീച്ച് കൂടുന്നതില്‍ തനിക്ക് വിരോധമൊന്നുമില്ലെന്നും എന്നാല്‍, നിയമ ലംഘനം നടത്തി റീച്ച് കൂട്ടാന്‍ നില്‍ക്കുന്നവരുടെ വീഡിയോ കണ്ട് നിൽക്കാനാവില്ലെന്നും; ഗണേഷ് കുമാർ പറഞ്ഞു. 'നിയമങ്ങള്‍ അനുസരിക്കുകയെന്നതാണ് ഒരു പൗരന്‍ ചെയ്യേണ്ട അടിസ്ഥാന കാര്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷയായിരിക്കും നല്‍കുകയെന്നും' ഗണേഷ്‌കുമാര്‍ അറിയിച്ചു.

കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യുട്യൂബര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഗതാഗത വകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. മറ്റുള്ള യൂട്യൂബർമാര്‍ക്ക് കൂടി പാഠമാകുന്ന നടപടിയാകും ഗതാഗത വകുപ്പ് എടുക്കുക എന്ന് മന്ത്രി മറുപടിയായി അറിയിക്കുകയും ചെയ്തിരുന്നു. 'നിയമത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളാണ് നല്ല പൗരന്‍മാരും മാന്യമാരും. എന്നാല്‍, പണക്കൊഴുപ്പും അഹങ്കാരവുമാണ് ഈ യുട്യൂബര്‍ കാണിച്ചിരിക്കുന്നത്. എന്തും കാണിച്ച് ലൈക്കും ഷെയറും വാങ്ങുന്നത് അന്തസ്സിന് ചേർന്ന കാര്യമല്ല. ഉപദേശിച്ചോ ശാസിച്ചോ വിടുന്നത് ആയിരിക്കില്ല നടപടി. ഹൈക്കോടതി പറഞ്ഞത് പോലെ കര്‍ശന നടപടി തന്നെ സ്വീകരിക്കും. അറിവില്ലായ്മ കൊണ്ട് കൊച്ചുകുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്കാണ് ഉപദേശവും ശാസനയുമൊക്കെ വേണ്ടത്. എന്നാല്‍, പ്രായപൂര്‍ത്തിയായിട്ടും പണത്തിന്റെ കൊഴുപ്പുകൊണ്ട് അഹങ്കാരം കാണിച്ചാല്‍ അകത്ത് കിടക്കുമെന്നാണ് എനിക്ക് പറയാനുള്ളതെന്നും' മന്ത്രി മുന്നറിയിപ്പ് നല്‍കി.

‘പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട. പഴയ കാലമല്ല, ഇതുപോലെയുള്ളവരെ മെഡിക്കൽ കോളേജിലെ കക്കൂസ് കഴുകിപ്പിക്കണം’  മന്ത്രി പറഞ്ഞു.

'എംവിഡി വിളിച്ച് ഉപദേശിച്ചാല്‍ പോലും പുറത്തിറങ്ങിയിട്ട് എന്റെ റീച്ച് കൂടിയെന്നാണ് പറയുന്നത്. ഈ വീഡിയോ കൊണ്ട് റീച്ച് കിട്ടിയാലും കുഴപ്പമില്ല. നിയമലംഘനം കൊണ്ട് കിട്ടുന്ന റീച്ച് കൊണ്ട് വലിയ കാര്യമില്ല. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധരെ നിരുല്‍ഹാസപ്പെടുത്തുകയാണ് പൊതുസമൂഹം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com