കനത്തമഴ: മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു, ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
കനത്തമഴ: മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു, ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

കോട്ടയം: ജില്ലയില്‍ പെയ്ത ശക്തമായ മഴയില്‍ മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയില്‍ കനത്ത മഴയാണ് രാത്രിയില്‍ രേഖപ്പെടുത്തിയത്.

രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭീഷണിപ്രദേശങ്ങളില്‍ ഉള്ളവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി മൂന്നുമണിക്കൂര്‍ നീണ്ട ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും ഉണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വടവാതൂരിലാണ് ഇന്നലെ രാത്രിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയുണ്ടാകും. എറണാകുളം, തൃശ്ശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോഡ് ജില്ലകളില്‍ നേരത്തേ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 02-06-2024 വരെ തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് അറിയിക്കുന്നത്.

കനത്തമഴ: മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു, ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍
സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത

Related Stories

No stories found.
logo
Reporter Live
www.reporterlive.com