ഐസിയു സംവിധാനമുള്ള ആമ്പുലൻസ് എത്താൻ വൈകി; അട്ടപ്പാടിയിൽ വയോധികൻ മരിച്ചു

ഐസിയു സംവിധാനമുള്ള ആമ്പുലൻസിന് വേണ്ടി നാല് മണിക്കൂറോളം കാത്തിരുന്നത് ചികിത്സ വൈകാൻ കാരണമായി
ഐസിയു സംവിധാനമുള്ള ആമ്പുലൻസ് എത്താൻ വൈകി; അട്ടപ്പാടിയിൽ വയോധികൻ മരിച്ചു

പാലക്കാട്: ചികിത്സ വൈകിയതിനെ തുടർന്ന് പാലക്കാട് അട്ടപ്പാടിയിൽ ഒരു മരണം കൂടി. ഐസിയു സംവിധാനമുള്ള ആമ്പുലൻസിന് വേണ്ടി നാല് മണിക്കൂറോളം കാത്തിരുന്നതോടെ ചികിത്സ വൈകിയാണ് വയോധികന്റെ മരണം. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ ആണ് മരിച്ചത്. ബോധരഹിതനായതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ച ചെല്ലനെ നാല് മണിക്കൂറിന് ശേഷമാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനായത്. തൃശ്ശൂരിൽ വിദഗ്ധ ചികിത്സ നൽകുന്നതിനിടെ ചെല്ലൻ മരിക്കുകയായിരുന്നു.

ചികിത്സ വൈകിയതിനെ തുടർന്ന് അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചിരുന്നു. ഓട്ടോറിക്ഷയിലേക്ക് മരം വീണ് പരിക്കേറ്റ ഒമ്മല സ്വദേശി ഫൈസൽ (25) ആണ് മരിച്ചത്. ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല.

ഒറ്റപ്പാലത്തുനിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ കോട്ടത്തറയിൽ നിന്ന് കൊണ്ടുപോയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഫൈസൽ വഴിമധ്യേ മരിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com