മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ്

അറസ്റ്റ് ചെയ്യേണ്ട ക്രിമിനൽ കേസുകൾ നിലവിലില്ലെന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയെ പൊലീസ് അറിയിച്ചു
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുളള തര്‍ക്കത്തില്‍ യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയില്‍. അറസ്റ്റ് ചെയ്യേണ്ട ക്രിമിനൽ കേസുകൾ നിലവിലില്ലെന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയെ പൊലീസ് അറിയിച്ചു. യദു നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയ്ക്കാണ് പൊലീസ് മറുപടി നല്‍കിയത്. തനിക്കെതിരെ മലയിൻകീഴ് പൊലീസ് കള്ളക്കേസുകളെടുക്കുന്നു എന്നായിരുന്നു യദുവിന്റെ ആരോപണം. ആരോപണത്തിൽ പറയുന്ന കേസുകൾ നിലവിലില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മേയർ നേരിട്ടെത്തി മൊഴി നൽകിയത്. ഡ്രൈവർ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലായിരുന്നു രഹസ്യമൊഴി നൽകിയത്. കഴിഞ്ഞ മാസം 27നാണ് മേയര്‍-ഡ്രൈവര്‍ തര്‍ക്കം ആരംഭിക്കുന്നത്.

സംഭവം നടന്ന് ഒരു മാസത്തോട് അടുക്കുമ്പോഴും തെളിവുകള്‍ ഇല്ലാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. കേസിലെ നിര്‍ണായക തെളിവായ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ഇതുവരെയും പൊലീസിനായിട്ടില്ല. ഇത് അന്വേഷണത്തിന് വെല്ലുവിളിയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com