സംസ്ഥാനത്ത് വീണ്ടും ടിടിഇമാർക്ക് നേരെ ആക്രമണം; രണ്ട് പേർ കസ്റ്റഡിയിൽ

അശ്വിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിക്കിൻ്റെ കയ്യിൽ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെടുത്തു

dot image

പാലക്കാട്: ട്രെയിനിൽ ടിടിഇമാർക്ക് നേരേ വീണ്ടും ആക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവ് ടിടിഇമാരെ ആക്രമിച്ചു. ബെംഗളുരു - കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിലാണ് ആക്രമണം നടന്നത്. ഒറ്റപ്പാലത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. കൊല്ലം സ്വദേശി അശ്വിനാണ് ടിടിഇമാരെ ആക്രമിച്ചത്. മനോജ് വർമ്മ, ഷമ്മി എന്നിവർക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. അശ്വിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിക്കിൻ്റെ കയ്യിൽ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെടുത്തു. ഇരുവരേയും റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശ്ശൂര് വെളപ്പായയില് ട്രെയിനില് നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് വീണ്ടും ടിടിഇമാർക്ക് നേരെ ആക്രമണം നടക്കുന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില് അതിഥി തൊഴിലാളിയായ യാത്രക്കാരന് ടിടിഇ കെ വിനോദിനെ ഏപ്രിൽ 2നാണ് ട്രെയിനില് നിന്ന് തള്ളിയിട്ട് കൊന്നത്. എറണാകുളം-പാട്ന ട്രെയിനിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സന് നേരെ ആക്രമണമുണ്ടായിരുന്നു. ഇയാളെ ആക്രമിച്ച ഭിക്ഷാടകന് ഓടിരക്ഷപ്പെടുകയായിരുന്നു. തമ്പാനൂര് റെയില്വേ സ്റ്റേഷനില് വെച്ചാരുന്നു സംഭവം. മുഖത്തിനടിയേറ്റ ജയ്സന്റെ കണ്ണിന് പരിക്കേറ്റിരുന്നു. ഭിക്ഷക്കാരൻ ട്രെയിനില് കയറുന്നത് തടയാന് ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ഭക്ഷണ വില്പ്പനക്കാരെയും ആക്രമിച്ച ശേഷം ഇയാള് ട്രെയിനില് കയറാന് ശ്രമിക്കുകയായിരുന്നു. ബിലാസ്പൂര് -എറണാകുളം എക്സ്പ്രസിലും കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. ക്ലീനിംഗ് സ്റ്റാഫാണ് ടിടിഇ ആക്രമിച്ചത്. വൈകീട്ട് ആറ് മണിയോടെ കോയമ്പത്തൂരില് വെച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ടിടിഇ അരുണ് എറണാകുളം ജനറല് ആശുപത്രിയില് ചികിത്സ തേടി.

രാജ്യം വിട്ടെന്ന് രാഹുല്; 'ഞാന് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല'
dot image
To advertise here,contact us
dot image