മലപ്പുറത്ത് വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധ വ്യാപകം; പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ മാത്രം സ്വീകരിക്കുക

dot image

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗവും, അതുമൂലമുള്ള മരണങ്ങളും വർദ്ധിക്കുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. പോത്തുകൽ പഞ്ചായത്തിലെ 35കാരനാണ് ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൈറസ് ഹെപ്പറ്റൈറ്റിസ് മൂലം മരിച്ചത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും, മറ്റ് അസുഖബാധിതരിലും വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ ഉണ്ടായാൽ അത് പെട്ടെന്ന് ഗുരുതരം ആകുവാനും ഒരുപക്ഷേ മരണം വരെ സംഭവിക്കാനും സാധ്യത കാണുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

അതിനാൽ തന്നെ മറ്റ് അസുഖബാധിതർ രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കുകയോ, അശാസ്ത്രീയമായ ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാതെ ഉടൻ തന്നെ ശാസ്ത്രീയമായ ചികിത്സ തേടേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതുപോലെതന്നെ രോഗബാധിതർ കൃത്യമായി വിശ്രമം എടുക്കുകയും ചെയ്യേണ്ടതാണ്. പ്രദേശത്ത് രോഗപ്രതിരോധ നടപടികൾ ഊർജ്ജതമാക്കിയിട്ടുണ്ടെന്നും, തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ് ?

വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ , ഓക്കാനം , ഛർദി , കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിൻറെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. മാത്രമല്ല, മഞ്ഞപ്പിത്തം എന്നത് ഒരു രോഗലക്ഷണം ആണ്. പലപ്പോഴും മറ്റുപല രോഗങ്ങളുടെയും ഒരു ലക്ഷണമായി മഞ്ഞപ്പിത്തം കാണാറുണ്ട്. അതിനാൽ ശാസ്ത്രീയമായി രോഗനിർണയം നടത്തിയതിന് ശേഷം മാത്രമേ വൈറൽ ഹെപ്പറ്റൈറ്റിസ്ന് ചികിത്സ എടുക്കാൻ പാടുള്ളൂ. രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ മാത്രമേ സ്വീകരിക്കുക.അശാസ്ത്രീയ ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും രോഗിയുടെ ജീവന് തന്നെ ഭീഷണിയാകുന്നു.

പ്രതിരോധ മാർഗങ്ങൾ

തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. ആഹാരത്തിനു മുമ്പും ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വൃക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതോ പഴകിയതോ തുറന്നുവച്ചതോ ആയ ഭക്ഷണ പദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക

കോടഞ്ചേരിയിൽ ഡോക്ടർക്ക് രോഗിയുടെ മർദനം
dot image
To advertise here,contact us
dot image