താനൂർ കസ്റ്റഡിക്കൊലപാതകം, അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും

മറ്റൊരു സബ് ഡിവിഷണൽ പരിധിയിൽ നിന്നാണ് ഡാൻസാഫ് സംഘം താമിർ ജഫ്രിയെ പിടികൂടിയത്. ഇത് എസ്പി, ഡിവൈഎസ്പി എന്നിവരുടെ അനുമതി ഇല്ലാതെ കഴിയില്ല എന്നാണ് സിബിഐയുടെ നിഗമനം
താനൂർ കസ്റ്റഡിക്കൊലപാതകം, 
അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും

മലപ്പുറം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും. താമിർ ജിഫ്രിയുടെ കൊലപാതകത്തിലെ ഗൂഢാലോചനയാകും സിബിഐ സംഘം ഇനി അന്വേഷിക്കുക. പൊലീസ് ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും. മറ്റൊരു സബ് ഡിവിഷണൽ പരിധിയിൽ നിന്നാണ് ഡാൻസാഫ് സംഘം താമിർ ജഫ്രിയെ പിടികൂടിയത്. ഇത് എസ്പി, ഡിവൈഎസ്പി എന്നിവരുടെ അനുമതി ഇല്ലാതെ കഴിയില്ല എന്നാണ് സിബിഐയുടെ നിഗമനം.

ഡിവൈഎസ് പി വി വി ബെന്നിയുടെ ഫോൺ സംഭാഷണം അന്വേഷണത്തിൽ നിർണായകമാകും. എസ്ഐ കൃഷ്ണലാലിനോട് മൊഴി നൽകരുതെന്ന് പറഞ്ഞതുൾപ്പെടെയുള്ള സംഭാഷണങ്ങളാണ് പരിശോധിക്കുക. വി വി ബെന്നിയുടെ ശബ്ദ സംഭാഷണം റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. മൂന്ന് പൊലീസ് സ്റ്റേഷൻ കടന്ന് താമി‍ർ ജിഫ്രിയെ എന്തിന് താനൂരിലെത്തിച്ചു? ഇതിൽ എസ് പി സുജിത് ദാസിനുള്ള പങ്കെന്ത്..? ഇതിൽ വിവി ബെന്നിക്കുള്ള പങ്കെന്ത്..? എന്നീ ചോ​ദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു.

അറസ്റ്റിലായ നാല് പൊലീസുകാരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ സിബിഐ നാളെ കോടതിയിൽ സമർപ്പിക്കും. കോടതി സമയം അവസാനിച്ചതിനാലാണ് ഇന്നലെ അപേക്ഷ നൽകാൻ കഴിയാതിരുന്നത്. പ്രതികളുടെ മർദനത്തിലാണ് താമിർ ജിഫ്രി കൊല്ലപ്പെട്ടതെന്നാണ് സിബിഐ റിമാൻഡ് റിപ്പോർട്ട്. മയക്കുമരുന്ന് കഴിച്ചിരുന്നെങ്കിലും അത് മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മെയ് നാലിന് പുലർച്ചെ പ്രതികളായ നാല് പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ സംഘം വീട്ടിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കലിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കൽ, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപിക്കൽ, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com