'വേനല്ച്ചൂടില് ആശ്വാസം സാലഡ് വെള്ളരിയും നാരങ്ങയുമാണ്, പക്ഷേ....'; ചുട്ടുപൊള്ളി പച്ചക്കറി വിപണിയും

നൂറില് താഴെ നിന്ന ചെറുനാരങ്ങയ്ക്ക് 140 രൂപയാണ് എറണാകുളം മാർക്കറ്റിലെ മൊത്ത വില.

dot image

തിരുവനന്തപുരം: ചൂട് കൂടിയതോടെ പച്ചക്കറി ലഭ്യത കുറഞ്ഞതിന് പിന്നാലെ വിപണിയിൽ പച്ചക്കറി വില കുതിച്ചുയർന്നു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികൾക്ക് ഒരു മാസത്തിനിടെ ഇരട്ടിയോളം വില വർധനയാണ് ഉണ്ടായത്. കടുത്ത ചൂടിൽ പച്ചക്കറികൾ കേടായി പോകുന്നതും വ്യാപാര മേഖലയെ ബാധിച്ചു. കോഴിക്കോട് പാളയം മാർക്കറ്റിൽ കഴിഞ്ഞ മാസം 57 രൂപയ്ക്ക് വിറ്റ ബിൻസിൻ്റെ ഇന്നത്തെ വില 150 രൂപയാണ്. പാവയ്ക്കയും പീച്ചിങ്ങയും മാർക്കറ്റിൽ ലഭിക്കുന്നില്ല.

ചൂട്ട് പൊള്ളുന്ന വെയിലിലും തണുപ്പിക്കാൻ പല വഴികളും നോക്കുകയാണ് ആളുകൾ. ഉഷ്ണതരംഗ സാധ്യത മുതലാക്കി കുക്കുമ്പർ (സാലഡ് വെള്ളരി), ചെറുനാരങ്ങ തുടങ്ങിയവ വിപണിയിലെ വിലകൂടിയ താരങ്ങളായി മാറി. മുമ്പ് കിലോക്ക് 20-30 രൂപവരെ ആയിരുന്നു കുക്കുമ്പറിന് വില. ഇത് 60 രൂപയായി ഉയര്ന്നു. നൂറില് താഴെ നിന്ന ചെറുനാരങ്ങയ്ക്ക് 140 രൂപയാണ് മൊത്ത വില. പട്ടണം കടന്നാല് ചെറുനാരങ്ങയുടെ ചില്ലറ വില്പന വില 200 രൂപയ്ക്ക് മുകളിലാണ്. ചൂട് കൂടിയതിന്റെ ഫലമായാണ് കുക്കുമ്പറിനും ചെറുനാരങ്ങയ്ക്കും വില വര്ധിച്ചത്. തമിഴ്നാട്ടിലും ചൂടിന് ശമനമില്ലാത്തതിനാല് ഉത്പാദനം കുറഞ്ഞെന്നും വ്യാപാരികള് പറയുന്നു.

പയർ വർഗങ്ങളില് ബീൻസിനോട് കിടപിടിക്കാൻ കെല്പ്പുള്ള കൊത്തഅമരക്ക് 40 രൂപയേയുള്ളൂ എന്നത് ഉപഭോക്താക്കള്ക്ക് ആശ്വാസമാണ്. അച്ചിങ്ങ, വെണ്ട, പീച്ചിങ്ങ എന്നിവയാണ് വിലകൂടിയ ഇനങ്ങള്. അച്ചിങ്ങയും വെണ്ടയും 30 ല് നിന്ന് 60 രൂപയിലേക്ക് ഉയർന്നു. പീച്ചിങ്ങയ്ക്ക് 80 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. തക്കാളി (40), കാബേജ് (50), പടവലം (50), മുരിങ്ങ (40), പച്ചമാങ്ങ (40), പാവയ്ക്ക (80-100) എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളുടെ വില. പച്ചക്കറിയും പഴവർഗങ്ങളും മുതല് സകല നിത്യോപയോഗ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നതുകൊണ്ട് അയല് സംസ്ഥാനത്ത് മഴ പെയ്താലും വെയില് കടുത്താലും കേരളത്തിൽ വില കുതിച്ചുയരുന്ന സാഹചര്യമാണ്.

dot image
To advertise here,contact us
dot image