2000 കോടിയുമായി കേരള പൊലീസ്, രഹസ്യ വിവരം, വിജനമായ സ്ഥലത്ത് തടഞ്ഞിട്ട് ആന്ധ്രാ പൊലീസ്

കഴിഞ്ഞ മാസം 30നാണ് കേരളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്
2000 കോടിയുമായി കേരള പൊലീസ്, രഹസ്യ വിവരം, 
വിജനമായ സ്ഥലത്ത്  തടഞ്ഞിട്ട് ആന്ധ്രാ പൊലീസ്

കോട്ടയം: കാലാവധി കഴിഞ്ഞ 2000 കോടി രൂപയുടെ നോട്ടുകളുമായി പോയ കേരള പൊലീസ് സംഘത്തെ തടഞ്ഞ് ആന്ധ്രാ പൊലീസ്. നോട്ടുകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചയിടത്ത് എത്തിക്കാനായി കോട്ടയത്ത് നിന്ന് പോയ പൊലീസ് സംഘത്തെയാണ് ആന്ധ്ര പൊലീസ് തടഞ്ഞത്. കാലാവധി കഴിഞ്ഞ 500 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്.

തിരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മണിക്കൂറിന് ശേഷമാണ് കേരള പൊലീസ് സംഘത്തെ വിട്ടയച്ചത്. റിസര്‍വ് ബാങ്കില്‍ എത്തിക്കുന്നതിനുള്ള പണമാണ് കൈവശമുള്ളതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കേരള പൊലീസിന്റെ കൈവശമുണ്ടായിരുന്നു.

കോട്ടയം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണവുമായി പുറപ്പെട്ടത്. കഴിഞ്ഞ മാസം 30നാണ് കേരളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. റിസര്‍വ് ബാങ്ക് കേന്ദ്രത്തിലെത്തിക്കാനുള്ള സമയ പരിധി അവസാനിക്കാറായതിനാലാണ് തിരഞ്ഞെടുപ്പ് കാലമായിട്ടും സംഘം പുറപ്പെട്ടത്. കര്‍ശന സുരക്ഷയോടെയായിരുന്നു യാത്ര. എന്നാല്‍ സംഘത്തെ ആന്ധ്രയില്‍ തടയുകയായിരുന്നു. അനന്തനഗര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കോടികള്‍ നിറച്ച കണ്ടെയ്‌നര്‍ പൊലീസ് അകമ്പടിയോടെ കടത്തുന്നുവെന്നായിരുന്നു ലഭിച്ച വിവരം. തുടര്‍ന്ന് റവന്യൂ സംഘത്തിന്റെ സഹായത്തോടെ പൊലീസ് കണ്ടെയ്‌നര്‍ തടഞ്ഞിട്ടു. വിജനമായ സ്ഥലത്താണ് കേരള പൊലീസിനെ തടഞ്ഞത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടും രേഖകള്‍ കാട്ടിയിട്ടും ഇവരെ കടന്നുപോകാന്‍ അനുവദിച്ചില്ല.

ഒടുവില്‍ കോട്ടയം എസ്പി കെ കാര്‍ത്തിക്കുമായി സംഘം ബന്ധപ്പെട്ടു. കാര്‍ത്തിക് അനന്തപുരി ഡിഐജിയെയും ജില്ലാ കളക്ടറെയും ബന്ധപ്പെട്ടു. വിവരങ്ങള്‍ വ്യക്തമാക്കി ഇമെയില്‍ അയക്കുകയും ചെയ്തു. ഇതിന് പിന്നാലെ അനന്തനഗര്‍ ജില്ലാ കളക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കിയതോടെയാണ് കേരള പൊലീസ് സംഘത്തെ കടന്നുപോകാന്‍ അനുവദിച്ചത്. ഡിവൈഎസ്പി ജോണിനൊപ്പം രണ്ട് എസ്‌ഐമാരും മൂന്ന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും എട്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരുമാണ് ഉണ്ടായിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com