ഉത്തരേന്ത്യൻ ഹിന്ദു രാഷ്ട്രീയം ബിജെപിയേക്കാളും സിപിഐഎം കേരളത്തിൽ പ്രചരിപ്പിച്ചു: കെ കെ രമ എംഎൽഎ

വടകരയിൽ ലഹരി മാഫിയ പിടിമുറുക്കിയത് പൊലീസിന്റെ നിഷ്ക്രിയത മൂലമെന്നും അവര്‍ പറഞ്ഞു
ഉത്തരേന്ത്യൻ ഹിന്ദു രാഷ്ട്രീയം ബിജെപിയേക്കാളും സിപിഐഎം കേരളത്തിൽ  പ്രചരിപ്പിച്ചു: കെ കെ രമ എംഎൽഎ

കോഴിക്കോട്: പരാജയ ഭീതിയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി വടകരയെ മുറിവേൽപിച്ചതിൻ്റെ ഉത്തരവാദിത്വം സിപിഐഎമ്മിനെന്ന് കെ കെ രമ എംഎൽഎ. ഉത്തരേന്ത്യൻ ഹിന്ദു രാഷ്ട്രീയം കേരളത്തിൽ ബിജെപിയേക്കാളും സിപിഐഎം പ്രചരിപ്പിച്ചു. മണ്ഡലത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ തയ്യാറാകാത്ത സിപിഐഎം പ്രചാരണം വഴിതിരിച്ച് വിട്ടെന്നും രമ ആരോപിച്ചു. വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആർഎംപി മുന്നിൽ നിന്ന് പ്രവർത്തിച്ച് ഷാഫി പറമ്പിലിൻ്റെ വിജയം ഉറപ്പാക്കി എന്നും രമ അവകാശപ്പെട്ടു.

വടകരയിൽ ലഹരി മാഫിയ പിടിമുറുക്കിയത് പൊലീസിന്റെ നിഷ്ക്രിയത മൂലമെന്നും അവര്‍ പറഞ്ഞു. പൊലീസും എക്സൈസും ശക്തമായി ഇടപെടണമെന്നും രമ ആവശ്യപ്പെട്ടു. അമിത ലഹരി ഉപയോഗം മൂലം കഴിഞ്ഞ ആറുമാസത്തിനിടെ വടകര ഏറാമല മേഖലകളിൽ ആറു പേർ മരിച്ചിരുന്നു. ലഹരി മാഫിയുടെ ഒളിത്താവളങ്ങളെക്കുറിച്ചും വിപണന കേന്ദ്രങ്ങളെക്കുറിച്ചും പൊലീസിന് കൃത്യമായി വിവരം നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. എംഎൽഎ എന്ന നിലയിൽ ലഹരി സംഘങ്ങളെ തടയാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും കെ കെ രമ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

ഏറാമല നെല്ലാച്ചേരിയിലെ ആൾ പാർപ്പില്ലാത്ത പറമ്പിൽ കഴിഞ്ഞ ആഴ്ച രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വടകര നഗര മധ്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയയുടെ പ്രവർത്തനം. പൊലീസിനെതിരെ നിരന്തരം പരാതി ഉയരുമ്പോഴും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്നുവെന്ന് പൊലീസിനും പരാതിയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com