ജനാധിപത്യം കൈയ്യിലെടുക്കുന്നവരാണെങ്കില്‍ ജയശങ്കരന്മാരെ വെറുതെ വിടുമോ? സൈബര്‍ ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ

സാമൂഹിക മാധ്യമങ്ങളിലെ സൈബര്‍ ആക്രമണത്തില്‍ ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജനാധിപത്യം കൈയ്യിലെടുക്കുന്നവരാണെങ്കില്‍ ജയശങ്കരന്മാരെ വെറുതെ വിടുമോ? സൈബര്‍ ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ

കോഴിക്കോട്: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഡിവൈഎഫ്‌ഐ. സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ഭാഗമായി നില്‍ക്കുന്നവര്‍ വേട്ടയാടപ്പെടേണ്ടവരാണെന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കെഎസ്ആര്‍ടിസി ഡ്രൈവറില്‍ നിന്നുള്ള മോശം പെരുമാറ്റത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണ് മേയറുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കാരണമില്ലാതെ പ്രകോപനം ഉണ്ടാക്കാന്‍ കെഎസ്ആര്‍ടിസിയോടും ഡ്രൈവറോടും ആര്യക്കും സച്ചിനും മുന്‍വൈരാഗ്യം ഇല്ലല്ലോയെന്നും വസീഫ് ചോദിച്ചു.

'ബോധപൂര്‍വ്വം ബഹളം വെച്ചതല്ലല്ലോ. കെഎസ്ആര്‍ടിസിയോടും ഡ്രൈവറോടും ആര്യക്കും സച്ചിനും മുന്‍വൈരാഗ്യം ഇല്ലല്ലോ. പ്രയാസത്തിലുള്ള സ്വാഭാവികമായ പ്രതികരമാണ് ഉണ്ടായത്. എന്തിനാണ് ആര്യാ രാജേന്ദ്രനെ ഇങ്ങനെ ആക്രമിക്കുന്നത്. എന്ത് വൃത്തികെട്ട രീതിയിലാണ് മാധ്യമങ്ങള്‍ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. അത് ഏറ്റെടുത്ത് കോട്ടയം കുഞ്ഞച്ചന്മാരെ ഇറക്കി കോണ്‍ഗ്രസിന്റെ വ്യാജന്മാര്‍ വിലസുകയാണ്.' വി വസീഫ് പറഞ്ഞു.

'സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ഭാഗമായി നില്‍ക്കുന്നവര്‍ക്കെതിരെ എന്തൊക്കെ ആക്ഷേപങ്ങളാണ് നടത്തുന്നത്. അതിന് സൗകര്യപ്പെടുത്തുന്ന ജയശങ്കരന്മാര്‍ ഇവിടെ ഉണ്ടാവുന്നുണ്ട്. എന്ത് വൃത്തികെട്ട രീതിയിലാണ് ജയശങ്കരന്‍ പ്രതികരിക്കുന്നത്. ഞങ്ങള്‍ ജനാധിപത്യത്തെ കൈയ്യിലെടുക്കുന്നവരാണെങ്കില്‍ ജയശങ്കരന്മാരെ വെറുതെ വിടുമോ. ജനാധിപത്യ രീതിയിലാണ് ഇവരെ പ്രതിരോധിക്കുന്നത്. ഇടതുപക്ഷക്കാരാണെങ്കില്‍ വേട്ടയാടപ്പെടണം എന്ന നിലപാട് മാധ്യമങ്ങള്‍ മാറ്റണം. ആര്യയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണം ഉണ്ടായെങ്കിലും അതിനെ തുറന്നുകാട്ടുകയായിരുന്നു വേണ്ടത്.' എന്നും വസീഫ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലെ സൈബര്‍ ആക്രമണത്തില്‍ ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകള്‍ നിറയുന്നെന്ന് പരാതിയില്‍ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com