അറസ്റ്റിന് കോടതി നിർദേശം, സിഐ ആത്മഹത്യ ചെയ്തു; കാരണം താൻ പിടികൂടിയ പ്രതികൾക്കൊപ്പം കഴിയണമെന്ന ഭയം?

മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്എച്ച്ഒ ആയിരുന്ന കാലത്താണ് സൈജുവിനെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ അന്വേഷണം നടക്കുകയും 2022 നവംബറില്‍ സൈജുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
അറസ്റ്റിന് കോടതി നിർദേശം, സിഐ ആത്മഹത്യ ചെയ്തു; കാരണം താൻ പിടികൂടിയ പ്രതികൾക്കൊപ്പം കഴിയണമെന്ന ഭയം?

തിരുവനന്തപുരം : വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ പ്രതിയായ പൊലീസ് സി ഐയെ കൊച്ചിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കരകുളം പുരവൂര്‍ക്കോണം ഇആര്‍ഡബ്ല്യുഎ ഹൗസ് നമ്പര്‍ 10ല്‍ എ വി സൈജു (47) ആണ് മരിച്ചത്. പീഡനക്കേസില്‍ ജാമ്യം ലഭിക്കാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ ചൊവ്വാഴ്ച സൈജുവിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപം അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിൽ ബുധനാഴ്ച രാവിലെ സൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അറസ്റ്റ് ഭയന്ന് സൈജു ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് സൂചന. അറസ്റ്റിലായാല്‍ താന്‍ മുമ്പ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക അടുത്ത സുഹൃത്തുക്കളോട് സൈജു പങ്കുവച്ചിരുന്നതായാണ് വിവരം.

മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്എച്ച്ഒ ആയിരുന്ന കാലത്താണ് സൈജുവിനെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തി തന്റെ ഒരു കടമുറി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലയിന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കി. സൈജു ഇടപെട്ട് കടമുറി ഒഴിപ്പിച്ചു നല്‍കി. തുടര്‍ന്ന് താനുമായി അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് ഡോക്ടറുടെ പരാതി.

കേസില്‍ അന്വേഷണം നടക്കുകയും 2022 നവംബറില്‍ സൈജുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കുടുംബസുഹൃത്തായ സ്ത്രീയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ സൈജുവിനെതിരേ നെടുമങ്ങാട് പോലീസിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസ് 11 മാസം മുമ്പ് കോടതി റദ്ദ് ചെയ്തിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com