'കേരള സ്റ്റോറി,ആര്‍എസ്എസിന് കൃത്യമായ അജണ്ട; മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വേട്ടയാടാന്‍ ശ്രമം'

സംസ്ഥാനത്തുടനീളം എൽഡിഎഫിന് അനുകൂല പ്രതികരണം ആണുള്ളത് എന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
'കേരള സ്റ്റോറി,ആര്‍എസ്എസിന് കൃത്യമായ അജണ്ട; മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും  വേട്ടയാടാന്‍ ശ്രമം'

കൊല്ലം: കേരള സ്റ്റോറി രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയുള്ള സിനിമയാണെന്നും ഒരു നാടിനെ മുഴുവൻ അപകീർത്തിപ്പെടുത്താൻ ഉള്ള ശ്രമമാണ് ബിജെപിക്കുള്ളതെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന് കൃത്യമായ അജണ്ട ഉണ്ട്. ഹിറ്റ്ലറിൻറെ ആശയമാണ് ആർഎസ്എസിനുള്ളത്. ജർമ്മനിയിൽ ജൂതർ ആണെങ്കിൽ ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണ്. അവരെ വേട്ടയാടാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരും ആണ് ആർഎസ്എസിന്റെ ശത്രുക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുടനീളം എൽഡിഎഫിന് അനുകൂല പ്രതികരണം ആണുള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ സമീപനമാണ് ബിജെപിയും കോൺഗ്രസും ചെയ്യുന്നത്. അത് ജനങ്ങൾ മനസ്സിലാക്കുമെന്നും ഇത്തവണ മുഴുവൻ സീറ്റുകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഭാഗത്ത് കോൺഗ്രസ് നമ്മെ ചതിക്കുമ്പോൾ മറുഭാഗത്ത് ബിജെപി കേരളത്തോട് പക വീട്ടുന്നു. ഉത്സവകാലത്ത് പെൻഷൻ കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നത്. എന്നാൽ എൽഡിഎഫ് സർക്കാർ എല്ലാ മാസവും പെൻഷൻ നൽകുന്നു. അപൂർവമായിട്ടാണ് രണ്ട് മാസത്തിലൊരിക്കൽ പെൻഷൻ നൽകുന്നത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രങ്ങളാണ് പെൻഷൻ പ്രതിസന്ധിക്ക് കാരണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

സിഎഎ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവനയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. മലയാള മനോരമയുടെ പത്രവാർത്തയും കോൺഗ്രസിൻ്റെ പ്രകടന പത്രികയും ഉയർത്തിക്കാട്ടിയായിരുന്നു വിമർശനം. പ്രകടന പത്രികയിലെ പേജ് എട്ടിലെ വാദത്തിന് കഴമ്പില്ല എന്നും സതീശൻ ഉരുണ്ടു കളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഉയർത്തുന്ന പ്രശ്നങ്ങളെ ഉയർത്തി കാട്ടാതെ ന്യൂനപക്ഷങ്ങൾക്കൊപ്പം തങ്ങളുണ്ടെന്ന ധാരണ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com