ആറ്റിങ്ങലില്‍ അത്രത്തോളം ഇരട്ട വോട്ടുകളില്ല; എംപിയുടെ ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് കലക്ടര്‍

അടൂര്‍ പ്രകാശ് എംപി നല്‍കിയ 1,72,015 പേരുടെ പട്ടികയില്‍ 439 ഇരട്ട വോട്ടുകള്‍ മാത്രം
ആറ്റിങ്ങലില്‍ അത്രത്തോളം ഇരട്ട വോട്ടുകളില്ല; എംപിയുടെ ആക്ഷേപത്തില്‍ കഴമ്പില്ലെന്ന്
കലക്ടര്‍

തിരുവനന്തപുരം: അടൂര്‍ പ്രകാശ് എംപിയുടെ ഇരട്ട വോട്ട് പരാതി തള്ളി ജില്ല കലക്ടര്‍. ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ ഇരട്ട വോട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ല കലക്ടര്‍ക്ക് അടൂര്‍ പ്രകാശ് നല്‍കിയത് 1,72,015 പേരുടെ പട്ടികയായിരുന്നു. എന്നാല്‍, സൂക്ഷ്മ പരിശോധനക്കുശേഷം പരാതി വാസ്തവ വിരുദ്ധമാണെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചു. പട്ടികയില്‍ ഇരട്ടിപ്പ് കണ്ടെത്തിയത് 439 കേസുകള്‍ മാത്രമാണെന്നും കലക്ടര്‍ അറിയിച്ചു. പരിശോധനയിലൂടെ കണ്ടെത്തിയത് 0.26 ശതമാനം ഇരട്ട വോട്ട് മാത്രമാണ്. പരിശോധനയില്‍ കണ്ടെത്തിയ 439 ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും കലക്ടര്‍ അറിയിച്ചു.

2019-ല്‍ 1,12,000 ഇരട്ടവോട്ട് കണ്ടെത്തിയിരുന്നു. അന്ന് പരാതി നല്‍കിയെങ്കിലും പരിശോധനകളോ പരിഹാരമോ ഉണ്ടായില്ലെന്നും അടൂര്‍ പ്രകാശ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, വോട്ടര്‍ പട്ടികയില്‍ പേരു നല്‍കാന്‍ ഒന്നിലധികം തവണ അപേക്ഷ സമര്‍പ്പിക്കുന്ന സാഹചര്യമടക്കമുള്ള സന്ദര്‍ഭങ്ങളില്‍ ഇരട്ടിപ്പുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. അതില്‍ സൂക്ഷ്മ പരിശോധന നടത്തി ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ 8.32 ശതമാനം ഇരട്ട വോട്ടുകളാണെന്നായിരുന്നു എംപിയുടെ ആക്ഷേപം. സൂക്ഷ്മ പരിശോധനയിലൂടെയാണ് 0.24 ശതമാനം ഇരട്ടിപ്പുകള്‍ മാത്രമാണ് കണ്ടെത്തിയത്. അതിനാല്‍ എംപിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും കളക്ടര്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അടൂര്‍ പ്രകാശനെതിരെ വി ജോയിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനാണ് എന്‍ഡി്എ സ്ഥാനാര്‍ഥി. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആകെ 14 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com