കടമെടുപ്പ് ഹര്‍ജി; കേരളത്തിൻ്റെ ആക്ഷേപങ്ങള്‍ പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുത്താനായില്ല; സുപ്രീം കോടതി

കേരളത്തിന്റെ ഇടക്കാല ആവശ്യം തീര്‍പ്പാക്കിയ സുപ്രീം കോടതി പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു
കടമെടുപ്പ് ഹര്‍ജി; കേരളത്തിൻ്റെ ആക്ഷേപങ്ങള്‍ പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുത്താനായില്ല; സുപ്രീം കോടതി

ന്യൂഡൽഹി: കടമെടുപ്പ് ഹര്‍ജിയില്‍ കേരളത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ പ്രഥമദൃഷ്ട്യാ കേരളത്തിന് ബോധ്യപ്പെടുത്താനായില്ലെന്ന് രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഇനിയും കടമെടുക്കാന്‍ അവകാശമുണ്ടെന്ന വാദം തെറ്റെന്നും സുപ്രീം കോടതി. കേരളത്തിന്റെ ഇടക്കാല ആവശ്യം തീര്‍പ്പാക്കിയ സുപ്രീം കോടതി പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ അപരിഹാര്യമായ നഷ്ടം എന്തെന്ന് കേരളം ബോധ്യപ്പെടുത്തിയില്ലെന്നതാണ് പ്രധാന വിമര്‍ശനം. പരിധിക്കപ്പുറം അധികമായി കടമെടുക്കാന്‍ കേരളത്തിന് അവകാശമില്ല. 10,722 കോടി രൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താനായില്ല. ഇനിയും കടമെടുക്കാന്‍ അവകാശമുണ്ടെന്ന വാദം തെറ്റാണ്. 2017 - 20 കാലത്ത് കേരളം അധികമായി കടമെടുത്തുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി ശരിവെച്ചു. 2023 - 24 സാമ്പത്തിക വര്‍ഷവും കേരളം കടമെടുപ്പ് പരിധി മറികടന്നു.

കേരളം അവകാശപ്പെട്ടതിലെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഒരിക്കല്‍ പരിധി കവിഞ്ഞ് കടമെടുത്താല്‍ അടുത്ത തവണ കടമെടുപ്പില്‍ കുറവ് വരുത്തുന്നതില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രിംകോടതി ഇടപെടലിലൂടെ ഇതിനകം കേരളത്തിന് ആശ്വാസം ലഭിച്ചിട്ടുണ്ട്. ആകെ 13,608 കോടി രൂപ കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെന്നുമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേരളം ഉന്നയിച്ച വിഷയങ്ങളില്‍ ഭരണഘടനാപരമായ വ്യാഖ്യാനം ആവശ്യമുണ്ടെന്ന് നിരീക്ഷിച്ച രണ്ടംഗ ബെഞ്ച് ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ബെഞ്ചും അതിലെ അംഗങ്ങളും സംബന്ധിച്ച് ചീഫ് ജസ്റ്റിസ് പിന്നീട് തീരുമാനമെടുക്കും. ഭരണഘടനയുടെ അനുച്ഛേദം 293 ഇതുവരെ നിയമപരമായ വ്യാഖ്യാനത്തിന് വിധേയമായിട്ടില്ല. കേരളത്തിന്റെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോ, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സമീകരണ സൗകര്യം, അപരിഹാര്യമായ നഷ്ടം തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടനാ ബെഞ്ച് പരിശോധിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com