സംസ്ഥാനത്തെ കടൽക്ഷോഭത്തിന് കാരണം കള്ളക്കടൽ പ്രതിഭാസം; ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരത്താണ് കൂടുതൽ നഷ്ടങ്ങളുണ്ടായത്. ജില്ലയിൽ പൂവ്വാർ മുതൽ വർക്കല വരെ കടലാക്രമണമുണ്ടായി.
സംസ്ഥാനത്തെ കടൽക്ഷോഭത്തിന് കാരണം കള്ളക്കടൽ പ്രതിഭാസം; ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ രൂക്ഷമായ കടൽക്ഷോഭം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലുണ്ടായ കടലേറ്റത്തിൽ നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. തീരമേഖലയിലെ വീടുകളിൽ വെള്ളം കയറി. കടലാക്രമണത്തിന് പിന്നിൽ കള്ളക്കടൽ പ്രതിഭാസമെന്നും ആശങ്ക വേണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തിരുവനന്തപുരത്താണ് കൂടുതൽ നഷ്ടങ്ങളുണ്ടായത്. ജില്ലയിൽ പൂവ്വാർ മുതൽ വർക്കല വരെ കടലാക്രമണമുണ്ടായി. തുമ്പയിൽ 100 മീറ്ററോളം കടൽ കയറി. പൂന്തുറയിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു.

കോവളം, വ‍ർക്കല പാപനാശം ബീച്ചുകളിലിറങ്ങുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. പൊഴിയൂരിൽ വീടുകളിൽ വെള്ളം കയറി. മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ പെട്ട് കടലിൽ വീണ മത്സത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കൊല്ലത്തും അതിശക്തമായ തിരമാലകളാണ് രൂപപ്പെട്ടത്. ആലപ്പുഴ ആറാട്ടുപുഴയിൽ തീരദേശ റോഡിലേക്ക് കടൽ കയറി വാഹനങ്ങൾ റോഡിൽ പുതഞ്ഞു. ഇതോടെ ഗതാഗതം തടസപ്പെട്ടു.

തീരം ഉൾവലിഞ്ഞിരുന്ന പുറക്കാട് ബീച്ചിൽ തിരയടിച്ച് വള്ളങ്ങൾ തകർന്നു. കടലിലെ മർദത്തിൻറെ ഫലമായി ഉണ്ടാകുന്ന കള്ളക്കടൽ പ്രതിഭാസമാണ് കടലാക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കടൽക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരദേശ ജില്ലകളിലെ കളക്ടർമാരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.

ആശങ്ക വേണ്ടെന്നും രണ്ട് ദിവസം കൂടി കടലേറ്റം തുടരുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരത്ത് എല്ലാ തീരദേശ വില്ലേജ് ഓഫീസർമാരോടും തഹസിൽദാർമാരോടും ഡ്യൂട്ടിയിൽ കയറാൻ കളക്ടർ നിർദേശിച്ചു. അപകട മേഖലയിലുള്ളവരോട് മാറിത്താമസിക്കാനും ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാനും ജില്ലാ കളക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ കടൽക്ഷോഭത്തിന് കാരണം കള്ളക്കടൽ പ്രതിഭാസം; ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി
കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത നിർദേശം; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Related Stories

No stories found.
logo
Reporter Live
www.reporterlive.com