ബിജെപി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോണ്‍ഗ്രസ്;പൈവളിഗയിലെ ഇടതുഭരണത്തെ രക്ഷിച്ചെടുത്ത് ലീഗ്

ബിജെപി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോണ്‍ഗ്രസ്;പൈവളിഗയിലെ ഇടതുഭരണത്തെ രക്ഷിച്ചെടുത്ത് 
ലീഗ്

കാസര്‍കോട്: പൈവളിഗ പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെയുള്ള ബിജെപിയുടെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണ. പക്ഷെ പ്രമേയം പരാജയപ്പെട്ടു. ഇടതുമുന്നണിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പതിനഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്തിലെ കോൺഗ്രസിന്റെ ഏക അംഗവുമായ അവിനാശാണ് അവിശ്വാസത്തെ പിന്തുണച്ചത്. എട്ട് ബിജെപി അംഗങ്ങള്‍ക്കൊപ്പമാണ് കോൺ​ഗ്രസ് അം​ഗം പിന്തുണ നൽകിയത്. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാസ‍ര്‍കോട് മണ്ഡലം കോൺഗ്രസ് സ്ഥാനാ‍ര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി പ്രചാരണത്തിന് എത്തിയ ശേഷം ഇന്ന് അവിനാശ് ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് സിപിഐഎം കേന്ദ്രങ്ങളുടെ വിമര്‍ശനം. രണ്ട് മുസ്ലിം ലീ​ഗ് അം​ഗങ്ങള്‍ പിന്തുണച്ചതോടെയാണ് ഇടതുഭരണം നിലനിര്‍ത്താനായത്.

ഇടതുപക്ഷത്തിന് പിന്തുണ നൽകിയത് മുസ്ലിം ലീഗ് അംഗങ്ങളായ സിയ സുനീസയും സുൽഫിക്കര്‍ അലിയുമാണ്. പഞ്ചായത്തിൽ യുഡിഎഫിന് ആകെയുള്ള മൂന്ന് സീറ്റിൽ ഒന്ന് കോൺഗ്രസിനും മറ്റ് രണ്ടെണ്ണം മുസ്ലിം ലീഗിനുമാണ്. പഞ്ചായത്തിലെ വലിയ ഒറ്റ കക്ഷി ബിജെപിയാണ്. എട്ട് സീറ്റാണുള്ളത്. ആറ് സീറ്റാണ് സിപിഎമ്മിനുള്ളത്. ഒരു സ്വതന്ത്ര അംഗവും സിപിഐ അംഗവും ചേര്‍ന്നാണ് എൽഡിഎഫിന് എട്ട് സീറ്റുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com