അന്ധമായ കോൺഗ്രസ് വിരോധം, ചിഹ്നം വരെ നഷ്ടമാകാൻ പോകുന്നു; സിപിഐഎമ്മിന് ആർഎസ്എസ് ബന്ധമെന്ന് കെ ജയന്ത്

അന്നും ഇന്നും എന്നും സംഘപരിവാറിന്റെ പ്രത്യയ ശാസ്ത്രത്തോട് പൊരുതുന്ന പ്രസ്ഥാനം കോൺഗ്രസ്സാണ് എന്നത് പ്രിയപ്പെട്ട ബാലൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മറന്നുപോകരുതെന്ന് അഡ്വ കെ ജയന്ത്
അന്ധമായ കോൺഗ്രസ് വിരോധം, ചിഹ്നം വരെ നഷ്ടമാകാൻ പോകുന്നു; സിപിഐഎമ്മിന് ആർഎസ്എസ് ബന്ധമെന്ന് കെ ജയന്ത്

തിരുവനന്തപുരം: സിപിഐഎം - ആർഎസ്എസ് ബന്ധം ആരോപിച്ച് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ കെ ജയന്ത്. അന്ധമായ കോൺഗ്രസ് വിരോധമാണ് ചിഹ്നം പോലും നഷ്ടപെടുന്ന തലത്തിലേക്ക് സിപിഐഎമ്മിനെ കൊണ്ടുചെന്നെത്തിക്കാൻ പോകുന്നതെന്നും ജയന്ത് ആരോപിച്ചു. എ കെ ബാലന് മറുപടിയായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയന്തിന്റെ പ്രതികരണം. പാർട്ടി ചിഹ്നം പോലും നഷ്ടപ്പെടുന്നിടത്തേക്ക് സിപിഐഎം എത്തിനിൽക്കുന്നുവെന്ന് വിലപിക്കുന്ന ബാലൻ 1977 ലും 1989 ലും 2009ലും 2014ലും പരസ്യമായും മറ്റ് അവസരങ്ങളിൽ രഹസ്യമായും സംഘപരിവാറിന്റെ പ്രത്യയ ശാസ്ത്രത്തോട് സന്ധി ചെയ്തും യോജിച്ചു പ്രവർത്തിച്ചത് മറന്ന് പോകരുതെന്നും ജയന്ത് പറഞ്ഞു.

അന്നും ഇന്നും എന്നും സംഘപരിവാറിന്റെ പ്രത്യയ ശാസ്ത്രത്തോട് പൊരുതുന്ന പ്രസ്ഥാനം കോൺഗ്രസ്സാണ് എന്നത് പ്രിയപ്പെട്ട ബാലൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾ മറന്നുപോകരുത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായ സ്വാധീനം ഉണ്ടായിരുന്ന സിപിഐഎം കാലാകാലങ്ങളിൽ കോൺഗ്രസിനെ തകർക്കുന്നതിന് വേണ്ടി നടത്തിയ അവിശുദ്ധ കൂട്ടുകെട്ടുകളാണ് ഇന്ന് ഈ ഗതികേടിൽ സിപിഎമ്മിനെ കൊണ്ട് ചെന്നെത്തിച്ചതെന്നും ജയന്ത് കൂട്ടിച്ചേർത്തു.

അഡ്വ കെ ജയന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അന്ധമായ കോൺഗ്രസ് വിരോധമാണ് ചിഹ്നം പോലും നഷ്ടപെടുന്ന തലത്തിലേക്ക് സിപിഎമ്മിനെ കൊണ്ടുചെന്നെത്തിക്കുവാൻ പോകുന്നെതെന്ന പരോക്ഷമായ കുറ്റസമ്മതവും നിരാശയുമാണ് ശ്രീ എ കെ ബാലന്റെ വാക്കുകളിലൂടെ ഇന്ന് പുറത്തു വന്നത്..!!

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായ സ്വാധീനം ഉണ്ടായിരുന്ന സിപിഎം കാലാകാലങ്ങളിൽ കോൺഗ്രസിനെ തകർക്കുന്നതിന് വേണ്ടി നടത്തിയ അവിശുദ്ധ കൂട്ടുകെട്ടുകളാണ് ഇന്ന് ഈ ഗതികേടിൽ സിപിഎമ്മിനെ കൊണ്ട് ചെന്നെത്തിച്ചത്..!!

1977 ൽ കോൺഗ്രസിനെ തകർക്കുന്നതിന് വേണ്ടി സംഘപരിവാറുമായി പരസ്യമായ സഖ്യം ഉണ്ടാക്കിയവരാണ് സിപിഎം. ആ അവിശുദ്ധസഖ്യത്തിന്റെ സ്ഥാനാർഥികളായിരുന്നു കൂത്തുപറമ്പിൽ പിണറായി വിജയനും ഉദുമയിൽ കെ ജി മാരാരും..!! കേരളം മുഴുവൻ നിയമസഭയിലേക്കും ലോകസഭയിലേക്കും പൊതു സ്ഥാനാർഥികളായിരുന്നു സംഘ്പരിവാറിനും സിപിഎമ്മിനും. പക്ഷേ കേരളജനത ആ അവിശുദ്ധകൂട്ടുകെട്ടിനെ തൂത്തെറിഞ്ഞത് 20ൽ 20 ലോകസഭാ സീറ്റിലേക്കും 111 അസംബ്ലി സീറ്റിലേക്കും യുഡിഎഫിനെ ജയിപ്പിച്ചുകൊണ്ടായിരുന്നു..!!

വീണ്ടും സിപിഎം സംഘപരിവാറുമായി പരസ്യമായ സഖ്യമായത് 1989 ലായിരുന്നു..!! കോൺഗ്രസിനെയും രാജീവ് ഗാന്ധിയെയും തകർക്കുകയെന്ന ഒരൊറ്റ ലക്ഷ്യവുമായി വി പി സിങ്ങിനെ നടുവിൽ നിർത്തി ഇടതു വശത്ത് ഇടതുപക്ഷവും വലതുപക്ഷത്ത് സംഘപരിവാറും ചേർന്നുണ്ടാക്കിയ സഖ്യമാണ് വെറും 2 സീറ്റിൽ നിന്നും 88 സീറ്റിലേക്കും ഇന്ന് ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനയെയും തകർക്കുവാൻ സാധിക്കുന്ന രാക്ഷസരൂപത്തിലേക്ക് സംഘപരിവാറിനെ വളർത്തിയത്..!!

ഒളിഞ്ഞും തെളിഞ്ഞും സിപിഎം സംഘ്പരിവാറുമായുള്ള ബാന്ധവം പിന്നീട് മറനീക്കി പുറത്തുവന്നത് 2009ലായിരുന്നു. പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ രാജ്യം അഭിവൃദ്ധിയിലേക്ക് പോകുന്ന കാലത്താണ് രാജ്യത്തിന്റെ ഊർജ്ജമേഖലക്ക് കരുത്തേകുവാൻ ആണവകരാറിലേർപ്പെട്ട കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ ചൈനയുടെ താല്പര്യം സംരക്ഷിക്കുവാൻ വേണ്ടി അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി ശ്രീ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ സിപിഎം സംഘപരിവാറുമായി ചേർന്ന് പാർലമെൻറിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നതും, പക്ഷെ ദയനീയമായി ആ അവിശ്വാസപ്രമേയം പാർലമെൻറിൽ പരാജയപ്പെട്ടതും പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം തകർന്നടിഞ്ഞതും വലിയ ഭൂരിപക്ഷത്തിന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി വീണ്ടും അധികാരത്തിൽ വന്നതും ചരിത്രത്തിന്റെ കാവ്യനീതിയാണ്..!!

അവിടം കൊണ്ടും കോൺഗ്രസ് വിരോധം സിപിഎം അവസാനിപ്പിച്ചില്ല..!!

സംഘപരിവാറിന്റെ ഏജന്റ് ആയിരുന്ന അണ്ണാ ഹസാരെയെ മുന്നിൽ നിർത്തി 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപിൽ ഇടതുകക്ഷികളും സംഘപരിവാറും ഒത്തുചേർന്ന് ഡൽഹിയിൽ നടത്തിയ സമരാഭാസങ്ങളാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുവാൻ സാധിക്കുന്ന തലത്തിലേക്ക് സംഘപരിവാറിനെ വളർത്തിയത്..!!

ഇന്ന് കേരളം വിട്ടാൽ എല്ലായിടത്തും നിലനിൽപിന് വേണ്ടി കോൺഗ്രസിന്റെ ചിറകിനടിയിൽ അഭയം പ്രാപിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു സിപിഎം. പക്ഷേ അഖിലേന്ത്യാ സിപിഎം ന്റെ അന്നദാതാവായ പിണറായി വിജയനും കേരള ഘടകവും ഇപ്പോഴും കോൺഗ്രസ് തിരിച്ചുവരരുതെന്ന ഒരൊറ്റ അജണ്ടയുമായാണ് മുന്നോട്ടുപോകുന്നത്..!!

ലാവ്‌ലിൻ കേസ് ഉൾപ്പെടെ നിരവധി അഴിമതികേസിൽ ഇതിനകം ജയിലിൽ എത്തേണ്ടിയിരുന്ന പിണറായി വിജയനെ സംരക്ഷിച്ചു നിർത്തുന്നത് സംഘ്പരിവാറുമായുള്ള ബന്ധം ഒന്നുകൊണ്ട് മാത്രമാണ് എന്നുള്ളത് ഇന്ന് പരസ്യമായ രഹസ്യമാണ്. മതേതര ചേരിയുടെ അവസാനത്തെ പ്രതീക്ഷയായ ഇന്ത്യ മുന്നണിയിൽ നിന്നും സിപിഎം വിട്ടു നിൽക്കുന്നത് പോലും അഴിമതിയിൽ മുങ്ങികുളിച്ചു നിൽക്കുന്ന പിണറായി വിജയന് ലഭിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ സംരക്ഷണകവചം നഷ്ടപെടാതിരിക്കുന്നതിന് വേണ്ടിയാണ്..!!

കോൺഗ്രസിൽ നിന്നും ആരെങ്കിലും പാർട്ടിമാറി പോകുമ്പോൾ കോൺഗ്രസിന്റെ മതേതരത്വത്തെ പരിഹസിക്കുവാൻ വരുന്ന ബാലനുൾപ്പെടെയുള്ള സിപിഎം നേതാക്കൾ മനസിലാക്കേണ്ടത് ഈ രാജ്യത്തിന്റെ ചരിത്രത്തിൽ എവിടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തോട് സന്ധി ചെയ്തിട്ടില്ല എന്നതാണ്..!!

അന്നും ഇന്നും എന്നും സംഘപരിവാറിന്റെ പ്രത്യയ ശാസ്ത്രത്തോട് പൊരുതുന്ന പ്രസ്ഥാനം കോൺഗ്രസ്സാണ് എന്നത് പ്രിയപ്പെട്ട ബാലൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മറന്നുപോകരുത്.

പാർട്ടി ചിഹ്നം പോലും നഷ്ടപെടുന്നിടത്തേക്ക് സിപിഎം എത്തിനിൽക്കുന്നുവെന്ന് വിലപിക്കുന്ന ബാലൻ 1977 ലും 1989 ലും 2009ലും 2014ലും പരസ്യമായും മറ്റ് അവസരങ്ങളിൽ രഹസ്യമായും സംഘപരിവാറിന്റെ പ്രത്യയ ശാസ്ത്രത്തോട് സന്ധി ചെയ്തും യോജിച്ചു പ്രവർത്തിച്ചതും കൊണ്ടാണെന്ന് മറന്ന് പോകരുത്.

അന്ധമായ കോൺഗ്രസ് വിരോധം ഒന്നുകൊണ്ടു മാത്രമാണ് സിപിഎം ഇന്ന് ഈ നിലയിൽ എത്തിയതെന്നുമുള്ള സത്യം പൊതുസമൂഹത്തോട് ഏറ്റുപറയുവാനുമുള്ള ആർജ്ജവം കൂടി ശ്രീ എ കെ ബാലൻ കാണിക്കണം..!!

അതോടൊപ്പം അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സംഘപരിവാറിന്റെ ഏജന്റായ പിണറായി വിജയനോട് മുഖ്യമന്ത്രി കസേരയിൽ നിന്ന് കടക്ക് പുറത്ത് എന്ന് പറയുവാനുമുള്ള ആർജ്ജവം കാണിക്കണം..!!

എന്നിട്ട് സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള മതേതരവാദികളായ നേതാക്കളുടെ കൂടെ അണിചേർന്നു ഇന്ത്യാ മുന്നണിയുടെ വിശ്വസ്തരായ പങ്കാളികളാകണം..!!

ഇനി അതുമാത്രമാണ് ചിഹ്നം നഷ്ടപെടാതിരിക്കുവാനും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും തുടച്ചുമാറ്റപ്പെടാതിരിക്കുവാനുമുള്ള സിപിഎം ന്റെ മുന്നിലുള്ള ഒരേയൊരു പോംവഴി..!!

അഡ്വ കെ ജയന്ത്

ജനറൽ സെക്രട്ടറി

കെപിസിസി

Related Stories

No stories found.
logo
Reporter Live
www.reporterlive.com