'മയ്യഴി വേശ്യകളുടെ കേന്ദ്രമാണ് എന്ന് പി സി ജോർജ് പറഞ്ഞു'; നിയമനടപടി സ്വീകരിക്കുമെന്ന് എംഎൽഎ

വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഉൾപ്പടെയുള്ളവർ അടിയന്തിര ഇടപെടൽ നടത്തണമെന്ന്
'മയ്യഴി വേശ്യകളുടെ കേന്ദ്രമാണ് എന്ന് പി സി ജോർജ് പറഞ്ഞു'; നിയമനടപടി സ്വീകരിക്കുമെന്ന്  എംഎൽഎ

മയ്യഴി: മയ്യഴി ജനതയെ മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ചുകൊണ്ട് ബിജെപി നേതാവ് പി സി ജോർജ് കോഴിക്കോട് നടത്തിയ പ്രസം​ഗം പ്രതിഷേധാർഹമാണെന്ന് രമേശ് പറമ്പത്ത് എംഎൽഎ. മയ്യഴിയിലെ സ്ത്രീ സമൂഹമടക്കമുള്ള ജനങ്ങളെയാകെ പി സി ജോർജ് അപമാനിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടിൽ കലാപം സൃഷിടിക്കാൻ ശ്രമിച്ചതിനും പി സി ജോർജിനെതിരെ നിയമനടപടികളുമായി കോൺ​ഗ്രസ് മുന്നോട്ട് പോകുമെന്നും എംഎൽഎ പറഞ്ഞു. പത്രസമ്മേളനത്തിലാണ് രമേശ് പറമ്പത്ത് പി സി ജോർജിനെ കുറ്റപ്പെടുത്തിയത്.

വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഉൾപ്പടെയുള്ളവർ അടിയന്തിര ഇടപെടൽ നടത്തണം. ജനങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന പി സി ജോർജിനെ പോലുള്ളവരെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കോഴിക്കോട് വെച്ച് നടത്തിയ പ്രസം​ഗത്തിൽ മയ്യഴി വേശ്യകളുടെ കേന്ദ്രമാണ് എന്ന് പി സി ജോർജ് പറഞ്ഞു. രാത്രി കാലങ്ങളിൽ ഇതുവഴി യാത്ര ചെയ്യാൻ സാധിക്കില്ലെന്നും പി സി ജോർജ് പറഞ്ഞു. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണ് മയ്യഴിയെന്നും പി സി ജോർജ് ആരോപിച്ചു.

മയ്യഴിയിൽ സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരുണ്ട്. കലാസാംസ്കാരിക സാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠ നേടിയവരുമായ വനിതകളുണ്ട്. ഫ്രഞ്ച് ഭരണകാലത്ത് തന്നെ വിദ്യാസമ്പന്നരായിരുന്നു മയ്യഴിയിലെ സ്ത്രീകളടക്കമുള്ളവരെന്നും പി സി ജോർജിന് മനസ്സിലാക്കാൻ കഴിയേണ്ടതാണെന്നും എംഎൽഎ വ്യക്തമാക്കി. മാഹി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ മോഹനൻ, നളിനി ചാത്തു, പി പി വിനോദ്, പി ടി സി ശോഭ, പി പി ആശാലത, കെ പി രജിലേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com