ഇ പി ജയരാജൻ സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും ഇടയിലെ പാലം: രമേശ് ചെന്നിത്തല

'ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള ബന്ധമെന്ത്'

dot image

തിരുവനന്തപുരം: സിപിഐഎമ്മും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോദിയും പിണറായിയും തമ്മിൽ അന്തർധാരയുണ്ടെന്നും സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും ഇടയിലെ പാലം ഇ പി ജയരാജനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഐഎമ്മിൻ്റെ മുഖ്യ ശത്രു ആരാണ്. ഇ പി ജയരാജൻ്റെ പ്രസ്താവന കേട്ടില്ലേ. നാല് ബിജെപി സ്ഥാനാർത്ഥികൾ മികച്ചതാണെന്നാണ് ഇ പി പറഞ്ഞു. എൽഡിഎഫും ബിജെപിയും തമ്മിലാണ് മൽസരമെന്നും പറഞ്ഞു. അത് ബിജെപി പോലും പറഞ്ഞില്ല. ഇതിൽ മുഖ്യമന്ത്രിക്ക് മറുപടിയുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള ബന്ധമെന്തെന്ന് ചോദിച്ച ചെന്നിത്തല നിരാമയയാണ് ഇപിയുടെ വൈദേകം റിസോർട്ട് നടത്തുന്നതെന്നും ചൂണ്ടിക്കാണിച്ചു. ബിസിനസ്സ് ഇടപാട് നടത്താൻ നേരിൽ കാണേണ്ടതില്ല. ഇ പിയും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള വ്യവസായ ബന്ധം പുറത്തുവന്നു. ബിജെപി മികച്ചതെന്ന് ഇ പി ജയരാജൻ പറയാൻ കാരണമിതാണ്.

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും നരേന്ദ്ര മോദി വരുന്നത് യുഡിഎഫിൻ്റെ ഭൂരിപക്ഷം കൂട്ടുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടുതൽ തവണ മോദി ഇവിടേക്ക് വരണം. മോദി പറഞ്ഞതെല്ലാം നുണ ആയിരുന്നുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. മോദി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ തിരഞ്ഞെടുപ്പ് പോലുമുണ്ടാവില്ലെന്നും ഭരണഘടന പോലും മാറ്റാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായിക്ക് ഇംഗ്ലീഷ് അറിയാമോ. അറിയുമെങ്കിൽ പൗരത്വനിയമഭേദഗതിക്കെതിരെ കോൺഗ്രസ് നടത്തിയത് അറിയാതിരിക്കുമോ. കോൺഗ്രസിനോട് ബിജെപിയെക്കാൾ എതിർപ്പ് സിപിഐഎമ്മിനാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കെ സി വേണുഗോപാലിനെ ആലപ്പുഴയിൽ ഇറക്കിയത് ആലപ്പുഴ സീറ്റ് തിരിച്ചു പിടിക്കാനെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

dot image
To advertise here,contact us
dot image