എസ്എഫ്‌ഐ നാമധാരികള്‍ നടത്തുന്നത് ആ സംഘടനക്ക് നിരക്കാത്തത്; വിമര്‍ശിച്ച് ബിനോയ് വിശ്വം

ഗാന്ധിയെ കൈവിട്ടാണ് കോണ്‍ഗ്രസ് ബിജെപിക്കൊപ്പം പോവുന്നത്. ഗാന്ധി - നെഹ്‌റുവിയന്‍ ആശയങ്ങള്‍ അവര്‍ കൈവിട്ടു.
എസ്എഫ്‌ഐ നാമധാരികള്‍ നടത്തുന്നത് ആ സംഘടനക്ക് നിരക്കാത്തത്; വിമര്‍ശിച്ച് ബിനോയ് വിശ്വം

കോട്ടയം: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്നത്തെ കോണ്‍ഗ്രസില്‍ നില്‍ക്കുന്ന ഏതൊരാളും ബിജെപിയില്‍ ചേരുമെന്നും കോണ്‍ഗ്രസ് എംപിമാര്‍ ഏതു നിമിഷവും ബിജെപിയില്‍ ചേരാമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഗാന്ധിയെ കൈവിട്ടാണ് കോണ്‍ഗ്രസ് ബിജെപിക്കൊപ്പം പോവുന്നത്. ഗാന്ധി - നെഹ്‌റുവിയന്‍ ആശയങ്ങള്‍ അവര്‍ കൈവിട്ടു. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ബിജെപി പാളയത്തില്‍ ചേക്കേറി. ഇതേക്കുറിച്ച് ആത്മപരിശോധന നടത്താന്‍ കോണ്‍ഗ്രസ് തയ്യാറല്ല.

എത്ര പണം തരാമെന്ന് പറഞ്ഞാലും ഒരൊറ്റ എല്‍ഡിഎഫ് എംപിമാര്‍ പോലും ബിജെപിയിലേക്ക് പോകില്ല. ഇതാണ് ഞങ്ങളുടെ ഗ്യാരണ്ടി, ലെഫ്റ്റ് ഗ്യാരണ്ടി. ഞങ്ങളുടെ മുന്‍ എംഎല്‍എ, മുന്‍ മന്ത്രി, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒക്കെ ബിജെപിയിലേക്ക് പോയിട്ടുണ്ട്. അത് സമ്മതിക്കുന്നു. പക്ഷേ അതുപോലെയാണോ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക്. മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങളുടെ പിന്തുണയില്‍ ജയിക്കുന്ന കോണ്‍ഗ്രസ് എം പിമാര്‍ ബിജെപിയിലേക്ക് പോകാതിരിക്കാന്‍ തങ്ങള്‍ അണകെട്ടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇലക്ഷന്‍ കമ്മീഷനെ ബിജെപി കളിപ്പാവയാക്കി. സുപ്രീം കോടതി നിബന്ധനകള്‍ തള്ളി കളഞ്ഞിരിക്കുകയാണ്. നിലവിലെ ഒഴിവുകളില്‍ ബിജെപി അനുകൂലികളെ നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ട്. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്‌ഐയ്‌ക്കെതിരെയും ബിനോയ് വിശ്വം വിമര്‍ശനം ഉന്നയിച്ചു. കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ എസ്എഫ്‌ഐ നടത്തുന്ന അക്രമത്തിനെതിരെയാണ് അദ്ദേഹം സംസാരിച്ചത്. എസ്എഫ്‌ഐ നാമധാരികള്‍ നടത്തുന്നത് ആ സംഘടനക്ക് നിരക്കാത്തതാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി വിമര്‍ശനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com