അറസ്റ്റ് ചെയ്യേണ്ടത് വിസിയെ, പ്രതികൾ ക്രൂരമായി ശിക്ഷിക്കപ്പെടണം; സുരേഷ് ഗോപി സിദ്ധാർത്ഥന്റെ വീട്ടിൽ

സത്യാവസ്ഥ കണ്ടെത്തണമെന്നും പ്രതികൾ ക്രൂരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു
അറസ്റ്റ് ചെയ്യേണ്ടത് വിസിയെ, പ്രതികൾ ക്രൂരമായി ശിക്ഷിക്കപ്പെടണം; സുരേഷ് ഗോപി സിദ്ധാർത്ഥന്റെ വീട്ടിൽ

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വിസിയെയാണെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. മരിച്ച പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഡീനും വി സിയുമൊക്കെ ആകുന്നത് ഇപ്പോൾ ക്രിമിനൽസ് ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സിദ്ധാർത്ഥന്റെ കുടുംബത്തെ കണ്ടു. വളരെ നികൃഷ്ടമായ അവസ്ഥ വിദ്യാർത്ഥി രാഷ്ട്രീയ മേഖലയിൽ കാണുന്നുണ്ട്. സൗഹൃദം വളർത്തേണ്ട പ്രായമാണ്. സത്യാവസ്ഥ കണ്ടെത്തണമെന്നും പ്രതികൾ ക്രൂരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സിബിഐ പോലൊരു ഏജൻസി അന്വേഷിക്കണം. ഒളിക്കാനും മറക്കാനും ഇല്ലെങ്കിൽ സർക്കാർ തന്നെ കോടതിയിൽ അത് ആവശ്യപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു.

'51 വെട്ടിന്റെ കാര്യത്തിലാണെങ്കിലും എല്ലാവർക്കുമറിയാം ആരാ ചെയ്തതെന്ന്. ചെയ്യാത്തവരും ഇതിലുൾപ്പെട്ടിട്ടുണ്ട്. അവർ പറയുന്നത് വെറും നുണയാണെന്ന് പറഞ്ഞു തള്ളിക്കളയാനാകില്ല. ഇതിലെല്ലാം സത്യമുണ്ട്. പ്രതികൾക്ക് കുടപിടിച്ചു നടക്കുന്നവരുണ്ട്. രാജാവ് കള്ളനല്ലെന്ന് ആദ്യം നമുക്ക് വിശ്വാസം വരട്ടെ', സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിചിത്ര വാദങ്ങളാണ് പ്രതികള്‍ ഉന്നയിക്കുന്നത്. ആളുമാറിയാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത്. ക്ലാസിലെ മറ്റൊരു സിദ്ധാര്‍ത്ഥനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറിയതാണെന്നും അന്വേഷണ സംഘത്തോട് പ്രതികളിലൊരാള്‍ പറഞ്ഞു. മര്‍ദ്ദനമേല്‍ക്കുന്ന കാര്യം പുറത്ത് അറിയാതിരിക്കാന്‍ സിദ്ധാര്‍ത്ഥന്റെ ഫോണ്‍ അക്രമി സംഘം പിടിച്ചു വെച്ചിരുന്നു. പ്രതികളുടെ നേതൃത്വത്തിലാണ് ശുചിമുറിയില്‍ നിന്ന് മൃതദേഹം അഴിച്ചെടുത്തത്. മര്‍ദ്ദന വിവരം പുറത്ത് പറയരുതെന്ന് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയിലായിരുന്നു. പ്രധാന പ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. സംഭവം നടന്ന് പതിനൊന്ന് ദിവസത്തോളം ഒളിവിലായിരുന്ന ഏഴു പേരെകൂടിയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ആറു പ്രതികളെ നാളെ വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഭവത്തില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. സര്‍വകലാശാലയ്ക്ക് മുന്‍പില്‍ കെഎസ്‌യുവിന്റ നിരാഹരസമരം നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com