ആരാകണം മുഖ്യമന്ത്രി? പിണറായിയെ പിന്നിലാക്കി വടകര ശൈലജക്കൊപ്പം, ആലത്തൂരിന്റെ മനസില്‍ വി ഡി സതീശന്‍

വടകരയില്‍ പിണറായി വിജയന് 13.8 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്
ആരാകണം മുഖ്യമന്ത്രി? പിണറായിയെ പിന്നിലാക്കി വടകര ശൈലജക്കൊപ്പം, ആലത്തൂരിന്റെ മനസില്‍ വി ഡി സതീശന്‍

ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ വടകര ആരെയാകും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുക? കെ കെ ശൈലജയെന്നാണ് റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോള്‍ സര്‍വ്വെ ഫലം നല്‍കുന്ന ഉത്തരം. ആലത്തൂരിന്റെ മനസ് വി ഡി സതീശനൊപ്പമാണ്. വടകരയില്‍ സര്‍വ്വെയില്‍ പങ്കെടുത്ത 37.9 ശതമാനം ആളുകളാണ് കെ കെ ശൈലജയെ പിന്തുണച്ചത്. ഇവിടെ പിണറായി വിജയന് 13.8 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ആലത്തൂരില്‍ 22 ശതമാനം പേര്‍ വി ഡി സതീശനെ പിന്തുണച്ചപ്പോള്‍ 21.5 ശതമാനം പേര്‍ കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്നും പറഞ്ഞു.

വടകരയില്‍ വി ഡി സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്ത് ജനമനസില്‍ രണ്ടാം സ്ഥാനം. 21.3 ശതമാനം പേരാണ് സര്‍വ്വെയില്‍ വി ഡി സതീശനെ പിന്തുണച്ചത്. ഇവിടെ 11.1 ശതമാനം ആളുകള്‍ സുരേഷ് ഗോപി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. കെ സുധാകരന് 5.3 ശതമാനം ആളുകളുടെയും ശശി തരൂരിന് 4.4 ശതമാനം ആളുകളുടെയും പിന്തുണയുണ്ട്. അതേസമയം 3.7 ശതമാനം ആളുകളാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മുഖ്യമന്ത്രിയാകണമെന്ന് 0.3 ശതമാനം ആളുകള്‍ മാത്രമാണ് വടകരയില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ കെ സുരേന്ദ്രനും കെ സി വേണുഗോപാലിനും ആരുടെയും പിന്തുണ ലഭിച്ചില്ല. 2.2 ശതമാനം ആളുകള്‍ അറിയില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ആലത്തൂരിലെ സര്‍വ്വെ ഫലം പരിശോധിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ വി ഡി സതീശനും കെ ശൈലജയും തമ്മില്‍ നേരിയ പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂ. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് 22 ശതമാനം ആളുകള്‍ പറഞ്ഞപ്പോള്‍ കെ കെ ശൈലജയെ പിന്തുണച്ചത് 21.5 ശതമാനം പേരാണ്. ഇവിടെ പിണറായി വിജയനെ പിന്തുണച്ചത് 17.2 ശതമാനം ആളുകളാണ്. സുരേഷ് ഗോപിക്ക് 11.3 ശതമാനം ആളുകളുടെ പിന്തുണയുണ്ട്. ശശി തരൂരിന് 10.9 ശതമാനം ആളുകളുടെയും രമേശ് ചെന്നിത്തലക്ക് 5 ശതമാനം ആളുകളുടെയും പിന്തുണയുണ്ട്. സര്‍വ്വെയില്‍ പങ്കെടുത്ത 1.9 ശതമാനം ആളുകളാണ് കെ സുധാകരന്‍ മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞത്. കെ സുരേന്ദ്രന് ഇവിടെ 5.2 ശതമാനം, കെ സി വേണുഗോപാലിന് 1.5 ശതമാനം, എം വി ഗോവിന്ദന് 1.7 ശതമാനം എന്നിങ്ങനെയാണ് പിന്തുണ ലഭിച്ചത്. മുഖ്യമന്ത്രി ആരാകണമെന്ന് അറിയില്ലെന്ന് 1.8 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആരാകണം പ്രധാനമന്ത്രി എന്ന ചോദ്യത്തിന് വടകരയില്‍ കൂടുതല്‍ പേരും നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയുടെ പേരാണ്. 46.1 ശതമാനം ആളുകളാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 35.9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ശശി തരൂരിന് 3.9 ശതമാനം പേരുടെ പിന്തുണയാണുള്ളത്. അരവിന്ദ് കെജ്‌രിവാളിന് 2.6 ശതമാനം പേരുടെയും മമതാ ബാനര്‍ജിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും 1.9 ശതമാനം വീതം ആളുകളുടെയും പിന്തുണയുണ്ട്. നിതീഷ് കുമാര്‍ പ്രധാനമന്ത്രിയാകണമെന്ന് ആരും അഭിപ്രായപ്പെട്ടില്ല. അറിയില്ലെന്ന് 7.7 പേരാണ് പറഞ്ഞത്.

ആലത്തൂരിലും ജനമനസില്‍ പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയാണുള്ളത്. 45.4 ശതമാനം ആളുകളാണ് സര്‍വ്വെയില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്. 24.6 ശതമാനം പേര്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ തുടരണമെന്ന് അഭിപ്രായപ്പെട്ടു. അരവിന്ദ് കെജ്‌രിവാളിനെ പിന്തുണച്ചത് 11.7 ശതമാനം ആളുകളാണ്. ശശി തരൂര്‍ പ്രധാനമന്ത്രിയാകണമെന്ന് 7.6 ശതമാനം ആളുകള്‍ പറഞ്ഞപ്പോള്‍ മമതാ ബാനര്‍ജിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും ലഭിച്ച പിന്തുണ യഥാക്രമം 3.9 ശതമാനം, 3.3 ശതമാനം എന്നിങ്ങനെയാണ്. നിതീഷ് കുമാറിനെ ആരു പിന്തുണച്ചിട്ടില്ല. എന്നാല്‍ 3.5 ശതമാനം പേര്‍ ആരാകണം പ്രധാനമന്ത്രിയെന്ന് അറിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

ശക്തമായ പോരാട്ടം പ്രവചിക്കപ്പെടുന്ന വടകരയില്‍ ജനഹൃദയം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോള്‍ സര്‍വ്വെ പ്രവചിക്കുന്നത്. വടകരയില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് റിപ്പോര്‍ട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ് മണ്ഡലം നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 44.3 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുണച്ചപ്പോള്‍, 45.2 ശതമാനം ആളുകള്‍ പറഞ്ഞത് വിജയം എല്‍ഡിഎഫിനെന്നാണ്. 10.5 ശതമാനം ആളുകള്‍ ബിജെപി മണ്ഡലത്തില്‍ വരുമെന്നാണ് അഭിപ്രായപ്പെട്ടത്.

ആലത്തൂരില്‍ കഴിഞ്ഞ തവണ രമ്യാ ഹരിദാസ് നേടിയ അട്ടിമറി വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോള്‍ സര്‍വ്വെ പ്രവചിക്കുന്നു. മണ്ഡലം തിരിച്ചുപിടിക്കാമെന്ന് കണക്കുകൂട്ടുന്ന എല്‍ഡിഎഫിന് നിരാശയാണ് സര്‍വ്വെ പ്രവചിക്കുന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത 46 ശതമാനം ആളുകള്‍ യുഡിഎഫ് വിജയം ആഗ്രഹിച്ചപ്പോള്‍ 43 ശതമാനം ആളുകളാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. ബിജെപി വിജയിക്കുമെന്ന് 11 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍ അറിയില്ലെന്ന് ആരും പറഞ്ഞില്ല.

2024 ജനുവരി 28 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സര്‍വ്വെയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ 19,223 വോട്ടര്‍മാര്‍ പങ്കാളികളായ സാമ്പിള്‍ സര്‍വ്വെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

ആരാകണം മുഖ്യമന്ത്രി? പിണറായിയെ പിന്നിലാക്കി വടകര ശൈലജക്കൊപ്പം, ആലത്തൂരിന്റെ മനസില്‍ വി ഡി സതീശന്‍
റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോള്‍ സര്‍വ്വെ: വടകരയില്‍ ഫോട്ടോ ഫിനിഷ്, ഭാഗ്യം എല്‍ഡിഎഫിനൊപ്പം

Related Stories

No stories found.
logo
Reporter Live
www.reporterlive.com