എസ്‌സി, എസ് ടി നേതാക്കളോടൊപ്പം ഉച്ചഭക്ഷണമെന്ന് പ്രത്യേകം എഴുതി; കേരളപദയാത്ര പോസ്റ്ററിനെതിരെ വിമർശനം

എസ്സി, എസ് ടി നേതാക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററിൽ പ്രത്യേകം എഴുതിയത് ജാതിബോധത്തിൻ്റെ ഭാഗമായ ചിന്തയാണെന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ വിമര്‍ശനം കനക്കുന്നത്
എസ്‌സി, എസ് ടി നേതാക്കളോടൊപ്പം ഉച്ചഭക്ഷണമെന്ന് പ്രത്യേകം എഴുതി; കേരളപദയാത്ര പോസ്റ്ററിനെതിരെ വിമർശനം

കോഴിക്കോട്: കേരള പദയാത്രയോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തില്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയുടെ പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. എസ്സി, എസ് ടി നേതാക്കളോടൊന്നിച്ച് ഉച്ചഭക്ഷണം എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററിൽ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡയയില്‍ വിമര്‍ശനം കനക്കുകയാണ്. എസ്സി, എസ് ടി നേതാക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററിൽ പ്രത്യേകം എഴുതിയത് ജാതിബോധത്തിൻ്റെ ഭാഗമായ ചിന്തയാണെന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ വിമര്‍ശനം കനക്കുന്നത്.

കേരള പദയാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ സ്‌നേഹ സംഗമവും അതിനെ തുടര്‍ന്ന് 1 മണിക്ക് എസ് സി എസ് ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണവും എന്നാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്ന കാര്യപരിപാടിയിൽ ഉള്ളത്. ബിജെപി കേരള, ബിജെപി കോഴിക്കോട് എന്നീ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കേരള പദയാത്രയുടെ കാര്യപരിപാടികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റ് പങ്കുവെച്ചിരുന്നത്. ഫെബ്രുവരി 20 ചെവ്വാഴ്ച നടന്ന പ്രസ്തുത പരിപാടിയുടെ ചിത്രങ്ങള്‍ ബിജെപി കോഴിക്കോട് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സ്‌നേഹ സംഗമത്തിന്റെയും നവാഗത സംഗമത്തിന്റെയും ചിത്രങ്ങള്‍ ആ അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും എസ്സി, എസ്റ്റി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന കാര്യപരിപാടിയുടെ ഫോട്ടോകള്‍ പങ്കുവെച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി.

കാസര്‍ഗോഡ് നിന്നാണ് ജനുവരി 27ന് കേരള പദയാത്ര പര്യടനം ആരംഭിച്ചത്. ലോക്‌സഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര പര്യടനം നടത്തുന്നത്. ഒരു മണ്ഡലത്തില്‍ രണ്ട് ദിവസം പദയാത്ര പര്യടനം നടത്തും. 'പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കുമെന്നും നേരത്തെ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.

യാത്രയുടെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും പ്രഭാതയോഗവും ക്രമീകരിച്ചിട്ടുണ്ട്. ഈ യോഗത്തിൽ മത-സാമുദായിക നേതാക്കളുമായി എൻഡിഎ നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ട്. ഫെബ്രുവരി 27ന് പാലക്കാടാണ് കേരള പദയാത്രയുടെ സമാപനം.യാത്രയോട് അനുബന്ധിച്ച് ഓരോ മണ്ഡലത്തിലും 1000 പേർ പുതുതായി പാർട്ടിയിൽ അംഗത്വമെടുക്കുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com