ആലപ്പുഴ സിപിഐഎം വിഭാഗീയത; അച്ചടക്ക നടപടികൾ പിൻവലിച്ച് സംസ്ഥാന നേതൃത്വം

പി ചിത്തരഞ്ജൻ എംഎൽഎ, എം സത്യപാലൻ എന്നിവരെ വീണ്ടും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി
ആലപ്പുഴ സിപിഐഎം വിഭാഗീയത; അച്ചടക്ക നടപടികൾ പിൻവലിച്ച് സംസ്ഥാന നേതൃത്വം

ആലപ്പുഴ: ജില്ലയിലെ സിപിഐഎം വിഭാഗീയതയെ തുടർന്ന് സ്വീകരിച്ച അടച്ചടക്ക നടപടികൾ പിൻവലിച്ച് സംസ്ഥാന നേതൃത്വം. പി ചിത്തരഞ്ജൻ എംഎൽഎ, എം സത്യപാലൻ എന്നിവരെ വീണ്ടും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. അച്ചടക്ക നടപടിയെ തുടർന്ന് ഒഴിവാക്കിയവരെ ഉൾപ്പെടുത്തി ആലപ്പുഴ, ഹരിപ്പാട് ഏരിയ കമ്മിറ്റികൾ പുനസംഘടിപ്പിച്ചു.

ആലപ്പുഴ, ഹരിപ്പാട് ഏരിയ കമ്മിറ്റികൾക്ക് പുതിയ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു. അജയ് സുധീന്ദ്രനെ ആലപ്പുഴ ഏരിയ സെക്രട്ടറിയായും സി പ്രസാദിനെ ഹരിപ്പാട് ഏരിയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. നേരത്തെ ആലപ്പുഴയിൽ സി ബി ചന്ദ്രബാബുവിനും ഹരിപ്പാട് കെ എച്ച് ബാബുജാനുമായിരുന്നു ചുമതല. കഴിഞ്ഞ സമ്മേളന കാലത്ത് മൽസരത്തിൽ തോൽപിക്കപ്പെട്ടവരെ കമ്മിറ്റികളിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സി ബി ചന്ദ്രബാബുവിന് പകരം ആർ നാസറിന് ആലപ്പുഴ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറിയായി ചുമതല നൽകി.

ജില്ലയിലെ വിഭാഗീയ പ്രവണതകൾ ആവർത്തിക്കരുതെന്ന് എം വി ഗോവിന്ദൻ ബന്ധപ്പെട്ട കമ്മിറ്റികളിൽ മുന്നറിയിപ്പ് നൽകി. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലായിരുന്നു തീരുമാനം. ആലപ്പുഴയിൽ സ്ഥാനാർത്ഥിത്വത്തിന് എ എം ആരിഫിൻ്റെ പേര് സിപിഐഎം ജില്ലാ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com