'വിദേശ സർവ്വകലാശാല'യിൽ പ്രസ്താവനകൾ വേണ്ട'; നിർദ്ദേശം ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാൻ

നാളെത്തെ സിപിഐഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയാകും
'വിദേശ സർവ്വകലാശാല'യിൽ 
പ്രസ്താവനകൾ വേണ്ട'; നിർദ്ദേശം ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാൻ

തിരുവനന്തപുരം: വിദേശ സർവ്വകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ളവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം.

ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധന‌മന്ത്രി കൂടുതൽ വിശദീകരണം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഐഎം നേതൃത്വത്തിന്റെയും നിലപാട്. നാളെത്തെ സിപിഐഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയാകും. പാർട്ടി അറിവോടെയാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വിദേശസർവ്വകലാശാല വിഷയത്തിൽ ഇടത് മുന്നണിയുടെ മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കൈക്കൊണ്ടതെന്ന വിമർശനം മുന്നണിക്ക് ഉള്ളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. നേരത്തെ വിദേശ സർവ്വകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ എൽഡിഎഫ് എതിർത്തിരുന്നു.

വിദേശ, സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുമെന്ന ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ വിദഗ്ധനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ എൻ ഗണേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിദേശ സർവകലാശാലകൾ വാണിജ്യ സ്വഭാവമുള്ളവയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കെ എൻ ഗണേഷിൻ്റെ വിമർശനം.

വിദേശ സര്‍വകലാശാല വിഷയത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് നേരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. വിദേശ സര്‍വകലാശാലകള്‍ കേന്ദ്ര നയത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു നേരത്തെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്.

എന്നാൽ പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യമുണ്ടെന്നും ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം കൊണ്ട് വരുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com