'അഞ്ച് വ‍ർ‌ഷമായി അന്തിയുറങ്ങുന്നത് കടയിൽ, പെൻഷനായിരുന്നു ആകെയുള്ള ആശ്വാസം'; പ്രതിഷേധവുമായി ഓമന

'മക്കൾ കൂലി പണിയെടുത്താണ് ജീവിക്കുന്നത്. അവ‍ർക്കും കുടുംബമുള്ളതല്ലെ. ഈ കട കൊണ്ടാണ് ജീവിച്ചത്. ഇപ്പോൾ അതുമില്ല'
'അഞ്ച് വ‍ർ‌ഷമായി അന്തിയുറങ്ങുന്നത് കടയിൽ, പെൻഷനായിരുന്നു ആകെയുള്ള ആശ്വാസം'; പ്രതിഷേധവുമായി ഓമന

അടിമാലി: പെൻഷൻ ലഭിക്കാത്തതിൽ ഇടുക്കി അടിമാലിയിൽ ദയാവധത്തിന് തയ്യാർ എന്ന ബോ‍ർഡ് സ്ഥാപിച്ച ഓമന റിപ്പോർട്ടറിനോട്. ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് ജോലി ചെയ്യാനാകാത്ത അവസ്ഥയാണെന്നും ആകെയുണ്ടായിരുന്ന ആശ്രയം പെൻഷനായിരുന്നുവെന്നും ഓമന പറഞ്ഞു. വീട്ടിൽ പോയി വരാനുള്ള ചെലവ് ഓ‍ർത്ത് കഴിഞ്ഞ അഞ്ച് വ‍ർ‌ഷമായി താനും ഭർത്താവും അന്തിയുറങ്ങുന്നത് കടയിലാണെന്നും ഓമന റിപ്പോർ‌ട്ടറിനോട് പറഞ്ഞു.

രണ്ട് പേ‍ർക്കും ശാരീരിക ബുദ്ധിമുട്ടുകളുള്ളതുകൊണ്ട് ജോലിക്ക് പോകാൻ കഴിയില്ല. ചികിത്സയ്ക്കായി പണമില്ല. ഓരോ മാസവും 3000 രൂപയാണ് ചെലവ്. പെൻഷൻ കിട്ടിയത് കൊണ്ടാണ് ഇത്രയും നാളും ജീവിച്ചു പോന്നത്. പെൻഷൻ കിട്ടിയിട്ട് ഇപ്പോൾ ആറ് മാസമായി. ജീവിക്കാൻ ഒരു മാ‍ർ​ഗവുമില്ല. ഒരു വഴിയുമില്ലാത്തതുകൊണ്ടാണ് പ്രതിഷേധത്തിനിറങ്ങിയത്. 25 വർഷമായി മരുന്നു കഴിക്കുകയാണ്. എല്ലാ തിങ്കളാഴ്ച്ചയിലും ആശുപത്രിയിൽ പോകണം. കഴിഞ്ഞ ആഴ്ച്ച മകളാണ് കൊണ്ടു പൊയത്.

മക്കൾ കൂലി പണിയെടുത്താണ് ജീവിക്കുന്നത്. അവ‍ർക്കും കുടുംബമുള്ളതല്ലെ. ഈ കട കൊണ്ടാണ് ജീവിച്ചത്. ഇപ്പോൾ അതുമില്ല. ജീവിക്കാൻ ഒരു മാ‍ർ​ഗവുമില്ലാതെയായി. പറമ്പിൽ നിന്നും ആദായമില്ല. എല്ലാം ആന നശിപ്പിച്ചു. പറമ്പിലെ 300 വാഴയും 400 കവുങ്ങും ആന നശിപ്പിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

വീട്ടിൽ നിന്ന് സുഖമില്ലാത്ത കാലുവെച്ച് കട വരെ വരാനുള്ള സൗകര്യമില്ല. അതുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷമായി കടയിൽ തന്നെയാണ് ഞങ്ങൾ താമസം. വീട് കാണണം എന്ന ആ​ഗ്രഹം തോന്നുമ്പോൾ വല്ലപ്പോഴും പോയി വരും. വീട്ടിൽ വരെ പോകണമെങ്കിൽ 500 രൂപയെങ്കിലും വേണം.

ദയാ വധത്തിന് തയ്യാർ എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. ഭിന്ന ശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസും പഞ്ചായത്ത് അനുവദിച്ചിട്ടുള്ള പെട്ടിക്കടയ്ക്ക് മുന്നിലാണ് സമരം തുടങ്ങിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com