സഭാ തർക്കം; മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഓർത്തഡോക്സ് സഭാ മെത്രാപ്പൊലീത്ത

മുഖ്യമന്ത്രിയുടെ പ്രവർത്തനം കണ്ടാൽ ഒരു പ്രത്യേക വിഭാഗത്തിൻ്റെ മുഖ്യമന്ത്രിയെന്ന് തോന്നും
സഭാ തർക്കം; മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഓർത്തഡോക്സ് സഭാ മെത്രാപ്പൊലീത്ത

പത്തനംതിട്ട: സഭാ തർക്കവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഡോ യൂഹാനോൻ മാർ ദിയസ് കോറോസ് മെത്രാപ്പൊലീത്ത. അങ്ങ് കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്. ഏതെങ്കിലും കുറച്ച് പേരുടെ മുഖ്യമന്ത്രിയായി പെരുമാറരുത്. അത് അപകടത്തിലേക്ക് പോകും. തങ്ങളുടേയും മറ്റുള്ളവരുടേയും മുഖ്യമന്ത്രി അദ്ദേഹം തന്നെയെന്നാണ് വിശ്വാസം. ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കരുത്. മുഖ്യമന്ത്രിയുടെ പ്രവർത്തനം കണ്ടാൽ ഒരു പ്രത്യേക വിഭാഗത്തിൻ്റെ മുഖ്യമന്ത്രിയെന്ന് തോന്നും എന്നായിരുന്നു യൂഹാനോൻ മാർ ദിയസ് കോറോസ് മെത്രാപ്പൊലീത്തയുടെ വിമർശനം.

സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന് പറയേണ്ടത് മന്ത്രിസഭയാണ്.മന്ത്രിസഭയിൽ പെട്ട ആരും അത് വിളിച്ച് പറയുന്നില്ല. രാഷ്ട്രീയ പാർട്ടികൾ ആരും സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന് പറയുന്നില്ല. ആരെങ്കിലും കൈവിഷം തന്നത് പോലെയാണ് ചിലരുടെ പെരുമാറ്റം. കൈ വിഷം ഇറക്കിക്കളയാനുള്ള മാർഗ്ഗം നോക്കണം. രാഷ്ട്രീയക്കാർ വന്ന് കാണുമ്പോൾ ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറയും.അങ്ങോട്ട് മാറി അവിടേം ചെന്ന് ഇത് തന്നെ പറയും. അതല്ല വേണ്ടതെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥ മനസ്സിലാക്കി പ്രതികരിക്കാനുള്ള രാഷ്ട്രീയ നേതാക്കൾ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മലങ്കര സഭ ചെറിയ സഭയാണ്. എറണാകുളം ജില്ല മാത്രമല്ല കോട്ടയത്തിന് തെക്കോട്ടും മലങ്കര സഭ ഉണ്ട് എന്ന ബോധ്യം രാഷ്ട്രീയക്കാർക്ക് വേണമെന്നും ഡോ യൂഹാനോൻ മാർ ദിയസ് കോറോസ് മെത്രാപ്പൊലീത്ത ചൂണ്ടിക്കാണിച്ചു. മഹത്വ പ്രവേശങ്ങളുടെ വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം വരുന്നു. സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളുടെ പേരിലായിരുന്നു ഹാനോൻ മാർ ദിയസ് കോറോസിൻ്റെ വിമർശനം.

1970ല്‍ ഇറങ്ങിയ 203 നമ്പര്‍ കല്‍പ്പന ചൂണ്ടിക്കാണിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. മാര്‍ത്തോമാശ്ലീഹ ഒരു പുരോഹിതന്‍ പോലും അല്ലെന്ന് കൽപ്പനയിൽ പറഞ്ഞിരുന്നു. മാര്‍ത്തോമാശ്ലീഹയുടെ പൈതൃകം ഉറപ്പിക്കാന്‍ കഴിയുന്ന ഏക സംഘടനയെ ഭാരതത്തില്‍ ഉള്ളൂ. നിങ്ങള്‍ക്ക് മാര്‍ത്തോമാശ്ലീഹയുടെ പൈതൃകം അവകാശപ്പെടാനുള്ള അനുവാദമുണ്ടോ. ഉണ്ടെങ്കില്‍ ആ കല്‍പ്പന പിന്‍വലിച്ച് കര്‍ത്താവിനോട് മാപ്പ് പറയണം. ഇല്ലാത്തപക്ഷം മാര്‍ത്തോമാശ്ലീഹയുടെ പൈതൃകം അവകാശപ്പെട്ട് ആരും ഇറങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ മാർത്തോമ്മൻ പൈതൃക സംഗമം തെക്കൻ മേഖലാ ദീപശിഖാ പ്രയാണം തുമ്പമൺ ഭദ്രാസന തല സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓര്‍ത്തോഡോക്‌സ് സഭാ മാധ്യമ വിഭാഗം പ്രസിഡന്റും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമാണ് യുഹാനോന്‍ മാര്‍ ദിയസ് കോറസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com