'വിദേശ സര്‍വകലാശാലകളുമായി സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല'; ഇ പി ജയരാജന്‍

സര്‍വകലാശാലകള്‍ കഴിയുന്നത്ര പൊതുമേഖലയിലായാല്‍ അത് വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നും ഇപി
'വിദേശ സര്‍വകലാശാലകളുമായി സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല'; ഇ പി ജയരാജന്‍

ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാല വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിദേശ സര്‍വകലാശാലകള്‍ കേന്ദ്ര നയത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഇപി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കേന്ദ്രം പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ എവിടെയും വിദേശ സര്‍വകലാശാല സ്ഥാപിക്കാം. യുജിസി നിയമത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. സര്‍വകലാശാലകള്‍ കഴിയുന്നത്ര പൊതുമേഖലയിലായാല്‍ അത് വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നും ഇപി പ്രതികരിച്ചു.

കേന്ദ്രനയങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നാളെ ഡല്‍ഹിയില്‍ നടത്താനിരിക്കുന്ന സമരം കേരളത്തിലെ ജനങ്ങളുടെ വികാരമാണെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം കേന്ദ്രം നല്‍കാതെ ഇരിക്കുന്നു. ജനക്ഷേമകരമായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് കേരളത്തിന്റെ വികസനത്തെ മുരടിപ്പിക്കുന്നു. കേരളത്തിന്റെ സമാന അനുഭവമുള്ള സംസ്ഥാനങ്ങള്‍ വേറെയുണ്ട്. കര്‍ണാടക സര്‍ക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. പക്ഷെ യുഡിഎഫിലെ എല്ലാ കക്ഷികള്‍ക്കും കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നും ഇപി വിമര്‍ശിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വസവും അദ്ദേഹം പ്രകടിപ്പിച്ചു. കോണ്‍ഗ്രസും ബിജെപിയും വ്യാമോഹം വെച്ചുപുലര്‍ത്തുകയാണ്. ജനങ്ങള്‍ അവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. യുഡിഎഫിലെ സീറ്റ് തര്‍ക്കത്തില്‍ അവര്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നായിരുന്നു ഇപിയുടെ പ്രതികരണം. ലീഗിന്റെ മുന്നാം സീറ്റ് യുഡിഎഫ് വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്ത് വര്‍ഷം കഴിഞ്ഞാലും പാര്‍ലമെന്റില്‍ സ്ത്രീ സംവരണം വരില്ലെന്ന് ഇപി വിമര്‍ശിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിലെ സ്ത്രീ പങ്കാളിത്തം സംബന്ധിച്ച്, കാത്തിരിക്കൂ എന്നായിരുന്നു മറുപടി. വിജയം നേടാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ എല്ലാ വിഭാഗത്തില്‍ നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നതെന്നും അത് നടപ്പാക്കുമെന്നുമാണ് സംസ്ഥാന ബജറ്റ് സംബന്ധിച്ച് ഇ പി ജയരാജന്‍ പ്രതികരിച്ചത്. അതാണ് സര്‍ക്കാര്‍ നയം. ഇതിനനുസരിച്ചുള്ള ബജറ്റാണ്. ജനങ്ങളെ പറ്റിക്കുന്ന നടപടി ഇല്ല. ബജറ്റ് ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് സിപിഐ വകുപ്പുകള്‍ക്ക് ബജറ്റ് വിഹിതം കുറഞ്ഞ വിഷയം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഇ പി ജയരാജന്‍ പറഞ്ഞു. പരിഗണിക്കപ്പെടേണ്ട കാര്യങ്ങള്‍ പരിഗണിക്കും. ആവശ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യും. എല്ലാ വകുപ്പുകളും മുന്നണിയുടെ വകുപ്പുകളാണെന്നും ഇ പി ജയരാജന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com