ഡോ. വന്ദനാ ദാസിന്റെ മരണം: 'മകളുടെ മരണത്തില്‍ സംശയമുണ്ട്', അപ്പീല്‍ നല്‍കുമെന്ന് പിതാവ്

നാലര മണിക്കൂറോളം ചികിത്സ ലഭിച്ചില്ല. പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് പിതാവ്
ഡോ. വന്ദനാ ദാസിന്റെ മരണം: 'മകളുടെ മരണത്തില്‍ സംശയമുണ്ട്', അപ്പീല്‍ നല്‍കുമെന്ന് പിതാവ്

കോട്ടയം: ഡോ. വന്ദനാ ദാസിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പിതാവ് കെ ജി മോഹന്‍ദാസ്. മകളുടെ മരണത്തില്‍ സംശയങ്ങളുണ്ട്. കുത്തേറ്റ വന്ദനയ്ക്ക് ചികിത്സ ലഭിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും പിതാവ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. 20 തവണ കേസ് മാറ്റിവെച്ചു. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായി. സര്‍ക്കാര്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത്? ഇക്കാര്യം കോടതിയും സര്‍ക്കാരിനോട് ചോദിച്ചു. സത്യം പുറത്തുവരണം. ഇതിനായി കൃത്യമായ അന്വേഷണം വേണം. കേരളത്തിന് പുറത്തുള്ള ഏജന്‍സി വേണം അന്വേഷണം നടത്താനെന്നും കെ ജി മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

മകള്‍ക്ക് ചികിത്സ ലഭിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. നാലര മണിക്കൂറോളം ചികിത്സ ലഭിച്ചില്ല. പ്രാഥമിക ചികിത്സ പോലും നല്‍കിയില്ല. ആക്രമണം നടന്നപ്പോള്‍ ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ല. പൊലീസ് സാന്നിധ്യത്തിലായിരുന്നു കൊലപാതകം. 21ലധികം തവണ കുത്തേറ്റു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ട്. ആക്രമണത്തിന് ശേഷം വന്ദന മണിക്കൂറികളോളം പൊലീസ് എയ്ഡ് പോസ്റ്റിലിരുന്നു. പിന്നീട് ഒറ്റയ്ക്കാണ് ആശുപത്രിയിലേക്ക് വാഹനത്തില്‍ പോയത്.

പൊലീസും കേസിൽ പ്രതികളാണ്. അന്വേഷിക്കേണ്ടവർ വീഴ്ച്ച വരുത്തി. കേസിലെ സാക്ഷികളെ പൊലീസ് ബ്രെയിൻ വാഷ് ചെയ്തിട്ടുണ്ട്. സാക്ഷികൾ മൊഴി മാറ്റാൻ സാധ്യതയുണ്ട്. നിരവധി സംശയങ്ങളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിരുന്നു. സത്യാവസ്ഥ പുറത്തുവരാന്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. മന്ത്രിമാര്‍ അടക്കം വീട്ടില്‍ വന്നിരുന്നു. അവരോട് ഒന്നും പറയാന്‍ തന്നെ അനുവദിച്ചില്ലെന്ന് പറഞ്ഞ കെ ജി മോഹന്‍ദാസ്, ഐഎംഎ ആശുപത്രി സംരക്ഷണ ബില്ലിനായി മകളുടെ രക്തസാക്ഷിത്വം ഉപയോഗിച്ചുവെന്നും വിമര്‍ശിച്ചു. മെയ് 10നാണ് മകള്‍ മരിച്ചത്, 17ന് കാബിനറ്റ് ബില്‍ പാസാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com