അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ; താൽക്കാലികക്കാർ വാങ്ങുന്നത് പിഎസ്‌സി നിയമനം കിട്ടിയവരേക്കാൾ ശമ്പളം

അനധികൃതമായി നിയമിച്ച കരാർ,താൽക്കാലിക ജീവനക്കാരിൽ മിക്കവർക്കും പിഎസ് സി വഴി വന്നവരേക്കാൾ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ റിപ്പോർട്ടറിന്
അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ; താൽക്കാലികക്കാർ വാങ്ങുന്നത് പിഎസ്‌സി നിയമനം കിട്ടിയവരേക്കാൾ ശമ്പളം

കൃഷി വകുപ്പിന് കീഴിലെ കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ അനധികൃത നിയമനം ലഭിച്ചവർക്ക് പിഎസ് സി വഴി ഉദ്യോഗം നേടിയവരെക്കാൾ ശമ്പളം. അനധികൃതമായി നിയമിച്ച കരാർ, താൽക്കാലിക ജീവനക്കാരിൽ മിക്കവർക്കും പിഎസ് സി വഴി വന്നവരേക്കാൾ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ റിപ്പോർട്ടറിന്. എംഡിയുടെ താൽക്കാലിക ഡ്രൈവർ 32, 000 രൂപ വാങ്ങുമ്പോൾ പിഎസ് സി വഴി വന്ന ഡ്രൈവറുടെ ശമ്പളമാകട്ടെ വെറും 20000 രൂപ മാത്രമാണ്

പിഎസ് സി വഴി ജോലി നേടിയവരെക്കാൾ ശമ്പളം അനധികൃതമായി ജോലിക്ക് കയറിയ താൽക്കാലിക ജീവനക്കാർക്ക് ലഭിക്കുന്നത് എങ്ങനെയാണെന്ന ചോദ്യമാണ് ഉയരുന്നത്. അനധികൃതമായി ജോലിക്ക് കയറിയ താൽക്കാലിക ജീവനക്കാർക്ക് തോന്നും പോലെ ശമ്പളം കൊടുക്കാനുള്ള അധികാരം ബന്ധപ്പെട്ടവർക്ക് ലഭിച്ചതെങ്ങനെയാണ് എന്നതും വ്യക്തമാക്കപ്പെടേണ്ടതുണ്ട്.

കരാർ ജോലിക്കായി പത്രപ്പരസ്യത്തിൽ കൊടുത്ത ശമ്പളത്തേക്കാളും കൂടിയ ശമ്പളം തോന്നുംപോലെ കൊടുക്കുന്നത് കഴിഞ്ഞ ദിവസം റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. പിഎസ് സി വഴി കയറി വർഷങ്ങളായി ജോലി ചെയ്യുന്നവരുടെയും അനധികൃതമായി കയറിയ താൽക്കാലികക്കാരുടെയും ശമ്പളം താരതമ്യം ചെയ്യുമ്പോഴാണ് ഇവിടെ നടക്കുന്ന സ്വജനപക്ഷപാതത്തിൻ്റെ സ്വഭാവം വ്യക്തമാകുന്നത്.

കേരളാ അഗ്രോ ഇൻഡസ്ട്രിയൽ കോർപറേഷനിൽ എംഡി കഴിഞ്ഞാൽ രണ്ടാമനാണ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സജീവ്. പിഎസ് സി ജോലി നേടി 20 വർഷമായി സർവീസിലുള്ള സജീവിനെക്കാൾ ശമ്പളമാണ് അനധികൃതമായി കയറിയ ഗോപകുമാറിന്. 15 വർഷത്തിലേറെയായി ജോലി ചെയ്യുന്ന പിഎസ് സി നിയമനം ലഭിച്ച ഡിവിഷണൽ എഞ്ചിനീയർ സുരേഷ് കുമാറിനെക്കാളും അസിസ്റ്റൻ്റ് എഞ്ചിനീയർമാരെക്കാളും ശമ്പളമുണ്ട് ഗോപകുമാറിന്.

ഗോപകുമാർ സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷനിൽ നിന്ന് വിരമിച്ച ശേഷമാണ് ചീഫ് ഫിനാൻസിംഗ് കൺട്രോളിംഗ് ഓഫീസർ എന്ന സർക്കാർ അംഗീകാരമില്ലാത്ത പോസ്റ്റിൽ എത്തിയത്. താരതമ്യേന കുറഞ്ഞ ശമ്പളമുള്ളവരുടെ കാര്യത്തിലും പിഎസ് സി നിയമനം ലഭിച്ചവരുടെ അവസ്ഥ വ്യത്യസ്തമല്ല. പിഎസ് സി വഴി രണ്ട് വർഷം മുമ്പ് നിയമിതനായ ഡ്രൈവറുടെ ശമ്പളം 20,475 രൂപയാണ്. എന്നാൽ എംഡി കെ ജി പ്രതാപ് രാജ് നിയമിച്ച താൽക്കാലിക ഡ്രൈവറായ ഗിരീഷിന് ശമ്പളം 31,689 രൂപയാണ്. പിഎസ് സി വഴി നിയമിതനായ ഡ്രൈവറേക്കാളും 11,000 രൂപ കൂടുതൽ. രണ്ട് വർഷത്തിനിടെ താൽക്കാലിക കരാർ നിയമനത്തിലൂടെ കയറിയ മിക്കവരുടെയും ശമ്പളം കഷ്ടപ്പെട്ട് പഠിച്ച് പിഎസ് സി പരീക്ഷ എഴുതി ജോലി നേടിയവരെക്കാൾ വളരെ കൂടുതലാണ്. അനധികൃതമായി നിയമനം നേടിയ ഒരു വർഷം പൂർത്തിയായവരെല്ലാം ഒരു വർഷം കഴിഞ്ഞ് കരാർ പുതുക്കി വാങ്ങി രണ്ടാം വർഷത്തിലേക്ക് കടന്നു കഴിഞ്ഞു. സർക്കാർ അംഗീകൃത തസ്തികയല്ല ഇതൊന്നും എന്നതാണ് ശ്രദ്ധേയം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com