മറിയക്കുട്ടിക്കെതിരെ സർക്കാർ: മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ

മറിയക്കുട്ടി എങ്ങനെ അതിജീവിക്കുമെന്നും പെന്‍ഷന്‍ എന്ന് നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി
മറിയക്കുട്ടിക്കെതിരെ സർക്കാർ: മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ. രാഷ്ട്രീയ പരാമര്‍ശങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും സർക്കാർ വ്യക്തമാക്കി. പെന്‍ഷന്‍ നല്‍കാന്‍ ഇപ്പോൾ സാമ്പത്തിക പരിമിതിയുണ്ടെന്നും ഒരാള്‍ക്ക് മാത്രമായി പെന്‍ഷന്‍ നല്‍കാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിശദീകരണ കുറിപ്പ് നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് ചോദ്യങ്ങളാണ് സർക്കാരിനോട് ഹൈക്കോടതി ഉന്നയിച്ചു. മറിയക്കുട്ടി എങ്ങനെ അതിജീവിക്കുമെന്നും പെന്‍ഷന്‍ എന്ന് നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നുമാണ് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞത്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും. ഉച്ചതിരിഞ്ഞ് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ വിശദീകരണക്കുറിപ്പ് നൽകും.

പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഇടുക്കി സ്വദേശി മറിയക്കുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. അഞ്ച് മാസത്തെ പെൻഷൻ മുടങ്ങിയെന്നാണ് ഹർജിയിലെ ആരോപണം. പെന്‍ഷന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടുണ്ടെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ടെന്നും മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതുവരെ പിരിച്ച തുക പെന്‍ഷന്‍ നല്‍കാന്‍ മതിയായതാണ്. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണം. ഭാവിയില്‍ പെന്‍ഷന്‍ കുടിശ്ശിക വരുത്തരുതെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എല്ലാ പൗരന്മാരും വിഐപിയാണെന്ന് നേരത്തെ മറിയക്കുട്ടിയുടെ ഹർജി പരിഗണിക്കവെ സർക്കാരിനോട് ഹൈക്കോടതി പറഞ്ഞിരുന്നു. മറിയക്കുട്ടി വിഐപിയാണ്, പ്രത്യേകിച്ചും 73കാരിയായ സ്ത്രീ എന്നു പറഞ്ഞു കൊണ്ടാണ് ഹൈക്കോടതി എല്ലാ പൗരന്മാരും വിഐപിയാണ് എന്ന് സർക്കാരിനെ ഓർമ്മിപ്പിച്ചത്. മറിയക്കുട്ടിക്കൊപ്പം നില്‍ക്കാനേ കഴിയൂവെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പെന്‍ഷന്‍ ഇല്ലാതെ മറിയക്കുട്ടി എങ്ങനെ അതിജീവിക്കും? പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ക്രിസ്തുമസ് ആഘോഷിക്കണം.1600 രൂപ സര്‍ക്കാരിന് ചെറുതായിരിക്കും എന്നാല്‍ അവര്‍ക്ക് അത് ജീവിതമാണ്. സര്‍ക്കാരിന്റെ ആഘോഷങ്ങള്‍ക്ക് ഒന്നും ബുദ്ധിമുട്ടില്ലല്ലോ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com