വന്‍ തിരക്ക്, ശബരിമലയില്‍ ദര്‍ശന സമയം കൂട്ടാമോയെന്ന് ഹൈക്കോടതി; ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

തന്ത്രിയും മേല്‍ശാന്തിയും സീസണ്‍ മുഴുവന്‍ ശബരിമലയില്‍ ഉണ്ടെന്നും അവര്‍ക്ക് വിശ്രമത്തിന് ലഭിക്കുന്നത് ചുരുങ്ങിയ സമയമാണെന്നും ദേവസ്വം ബോര്‍ഡ്.
വന്‍ തിരക്ക്, ശബരിമലയില്‍ ദര്‍ശന സമയം കൂട്ടാമോയെന്ന് ഹൈക്കോടതി; ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് തിരക്ക് നിയന്ത്രണാതീതമായ സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആലോചന നടത്തണമെന്ന് ഹൈക്കോടതി. ദര്‍ശന സമയം കൂട്ടി തിരക്ക് നിയന്ത്രിക്കാനാകുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ദേവസ്വം ബോര്‍ഡ് ഇക്കാര്യം തന്ത്രിയുമായി ആലോചിക്കണമെന്നും തുടര്‍ന്ന് നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. പ്രത്യേക സിറ്റിംഗിലാണ് ദേവസ്വം ബെഞ്ച് ഹര്‍ജി പരിഗണിച്ചത്.

ശ്രീകോവിലിന് സമീപം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും കുട്ടികള്‍ വരെ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുമോ എന്നും ഹൈക്കോടതി ആരാഞ്ഞു. നിയന്ത്രണം സംബന്ധിച്ച് എഡിജിപി മറുപടി നല്‍കണം.

എന്നാല്‍ ദര്‍ശന സമയം കൂട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. തന്ത്രിയും മേല്‍ശാന്തിയും സീസണ്‍ മുഴുവന്‍ ശബരിമലയില്‍ ഉണ്ടെന്നും അവര്‍ക്ക് വിശ്രമത്തിന് ലഭിക്കുന്നത് ചുരുങ്ങിയ സമയമാണെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു. ദര്‍ശന സമയം വീണ്ടും കൂട്ടിയാല്‍ ഇവരുടെ ബുദ്ധിമുട്ടാണ് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്.

മരക്കൂട്ടത്തും ശരം കുത്തിയിലും ഉള്‍പ്പെടെ പൊലീസിന്റെ തിരക്ക് നിയന്ത്രണ സംവിധാനം പാടെ പാളി എന്നാണ് ഭക്തരുടെ പരാതി. തിരുപ്പതി മാതൃകയില്‍ ഭക്തരെ കയറ്റി വിടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഈ സംവിധാനവും പാളിയ മട്ടാണ്. തിരക്ക് അനിയന്ത്രിതമാകുമ്പോള്‍ ഭക്തര്‍ വിവിധ പ്രവേശന കവാടങ്ങളില്‍ കൂടി സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ ആരോഗ്യ സംവിധാനങ്ങളും ആംബുലന്‍സും ക്രമീകരിക്കാന്‍ ദേവസ്വം മന്ത്രി നിര്‍ദേശം നല്‍കി. ഒപ്പം ക്യൂ നില്‍ക്കുന്നവരെ വേഗത്തില്‍ കയറ്റിവിടണമെന്നും പൊലീസിനും ദേവസ്വം അധികൃതര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com