
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുമെന്ന എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ പ്രസ്താവനയില് പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ എവിടെ നിന്ന് മത്സരിക്കണം എന്നതിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് തന്നെയാണ്. എന്നാൽ ബിജെപിക്കെതിരെ ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കാനൊരുങ്ങുമ്പോൾ രാഹുൽ ഗാന്ധി വായനാട്ടിലാണോ മത്സരിക്കേണ്ടത് എന്ന് കോൺഗ്രസ് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ കോഫി വിത്ത് അരുൺ പരിപാടിയിലായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം.
ഇൻഡ്യ മുന്നണിയുടെ വിശാലമായ യോജിപ്പിന്റെ താല്പര്യങ്ങൾ കോൺഗ്രസ് കണക്കിലെടുക്കേണ്ടതാണ്. അവരുടെ സ്ഥാനാർഥി എവിടെ നിന്ന് മത്സരിക്കണം എന്നത് അവരുടെ തീരുമാനമാണ്. എന്നാൽ ഒരു മുന്നണി അല്ലെങ്കിൽ കൂട്ടായ്മ എന്ന നിലയിൽ ബിജെപിക്കെതിരെ മത്സരിക്കുമ്പോൾ രാഹുൽ ഗാന്ധി വായനാട്ടിലാണോ മത്സരിക്കേണ്ടത് എന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. എല്ലാവരും ഇൻഡ്യയുടെ ഭാഗമാണ്. ഇൻഡ്യയുടെ ഭാഗമായി നിൽക്കുന്നവരോടാണോ അതോ ബിജെപിയോടാണോ രാഹുൽ ഗാന്ധി ഏറ്റുമുട്ടേണ്ടത്. രാഹുൽ ഗാന്ധിക്ക് ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടാൻ ഭയമുണ്ടോ എന്ന സന്ദേഹം ആളുകളിൽ ഉയരുമെന്നും എം ബി രാജേഷ് പറഞ്ഞു.
രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും; ഹൃദയബന്ധമെന്ന് താരിഖ് അന്വർനവകേരള സദസ്സിനെ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ജനസമ്പർക്ക പരിപാടിയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് എം ബി രാജേഷ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കാൻ കടലാസ് എഴുതി കൊടുക്കുമായിരുന്നു. ഇപ്പോൾ അത്തരം പരാതികൾ ഓരോ ദിവസവും കൃത്യമായി പരിഹരിക്കപ്പെടുന്നുണ്ട്. അത്തരത്തിൽ കടലാസ് കൊടുക്കുന്നതല്ല നവകേരള സദസ്സെന്ന് പ്രതിപക്ഷത്തിന് മനസ്സിലായിട്ടില്ല. നവകേരള സദസ്സിൽ ലഭിക്കുന്ന എല്ലാ പരാതികളിലും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.