
കൊച്ചി: ദേശസാത്കൃത റൂട്ടുകളില് അഖിലേന്ത്യാ ടൂറിസ്റ്റ് പെര്മിറ്റ് വാഹനങ്ങള്ക്ക് സര്വീസ് അനുവദിച്ച കേന്ദ്ര ചട്ടങ്ങള് ചോദ്യം ചെയ്ത് കെഎസ്ആര്ടിസി നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2023ലെ അഖിലേന്ത്യാ ടൂറിസ്റ്റ് വാഹന നിയമം അധികാര പരിധിയിന്മേലുള്ള കടന്നുകയറ്റമാണ് എന്നും ചട്ടങ്ങള് റദ്ദാക്കണമെന്നുമാണ് കെഎസ്ആര്ടിസിയുടെ ആവശ്യം.
1988ലെ കേന്ദ്ര മോട്ടോര് വാഹന നിയമത്തിന് അനുസൃതമല്ല കേന്ദ്ര സര്ക്കാര് രൂപീകരിച്ച ചട്ടങ്ങളെന്നാണ് ഹര്ജിയിലെ ആക്ഷേപം. കോണ്ട്രാക്ട് വാഹനങ്ങള്ക്ക് ബസ് സ്റ്റോപ്പുകളില് നിന്ന് യാത്രക്കാരെ കയറ്റാന് അനുമതി നല്കിയത് നിയമ വിരുദ്ധമാണ്. സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ സ്ഥിതി കോണ്ട്രാക്ട് ക്യാരേജുകള്ക്ക് അവകാശപ്പെടാനാവില്ല. അതിനാല് ദേശസാത്കൃത റൂട്ടുകളില് നിന്ന് യാത്രികരെ എടുക്കാന് അനുമതി നല്കിയ പെര്മിറ്റ് ചട്ടം റദ്ദാക്കണമെന്നുമാണ് കെഎസ്ആര്ടിസിയുടെ ആവശ്യം. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്മിറ്റ് വാഹനങ്ങള്ക്ക് അനുമതി നല്കുന്ന ചട്ടം നടപ്പാക്കുന്നത് തടയണമെന്നുമാണ് കെഎസ്ആര്ടിസി ആവശ്യപ്പെടുന്നത്.
അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുമായി സർവീസ് നടത്തുന്ന റോബിൻ ബസിനെ കഴിഞ്ഞ ദിവസം പല തവണ തടഞ്ഞു നിർത്തുകയും ബസിന് പിഴ ചുമത്തുകയും ചെയ്തിരുന്നു.