
ഇടുക്കി: പോരാട്ടം സിപിഐഎമ്മിനെ എതിരാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് പോരാടുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും ഒരു നേതാവ് പോയത് ഗൗരവമായി എടുക്കേണ്ട കാര്യമില്ല. മുസ്ലിം ലീഗ് യുഡിഎഫിന്റെ അഭിവാജ്യ ഘടകമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒറ്റക്കെട്ടായി നിന്നാണ് ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്നത്. പലതരത്തിലുള്ള ആളുകളുണ്ട് ആരെയെങ്കിലും ഒരാളെ വിളിച്ചു എന്നതുകൊണ്ട് പ്രത്യേക പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല.
ബസ് അല്ല മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് കാഴ്ചബാംഗ്ലാവിൽ വയ്ക്കേണ്ടതെന്നും ജനങ്ങൾ താമസിക്കാതെ ഇവരെ കാഴ്ച ബാംഗ്ലാവിൽ വയ്ക്കുമെന്നും രമേശ് ചെന്നത്തല എ കെ ബാലന് മറുപടിയായി പറഞ്ഞു. ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷങ്ങൾ കാണാൻ വരും. ആർഭാടമാണ് എന്ന് പറഞ്ഞു ആരും രംഗത്ത് വരേണ്ടതില്ലെന്നും എ കെ ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുസ്‌ലിം ലീഗ് നേതാവ്, മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന്റെ ഭാഗമായത് നേരത്തെ വിവാദമായിരുന്നു. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍ എ അബൂബക്കറാണ് നവകേരള സദസിന്റെ പ്രഭാത വിരുന്നിലേക്കാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്താണ് ഇരുന്നത്.
കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് എന്‍ എ അബൂബക്കര്‍. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. കാസര്‍കോട്ടെ വ്യവസായ പ്രമുഖനുമാണ്.
ഇതിനിടെ നവകേരള സദസ്സിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കറിനെ തള്ളി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. എൻ എ അബൂബക്കറിന് പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വമില്ല. നേരത്തേ ഭാരവാഹിത്വമുണ്ടായിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ ഭാരവാഹിയല്ലെന്നും ഉത്തരവാദിത്വപെട്ട ആരും നവ കേരള സദസ്സിലേക്ക് പോകില്ല എന്ന് തന്നെയാണ് വിശ്വാസമെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറയുന്നത്. സാദിഖലി ശിബാഹ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും സമാനമായ പ്രതികരണമാണ് നടത്തിയത്.