
തൃശ്ശൂർ: നവകേരള സദസ്സ് മുഖം മിനുക്കാനുള്ള പിണറായി വിജയന്റെ നാടകമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നവകേരള സദസ്സ് കഴിയുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം കൂടുതൽ വികൃതമാവുകയേ ഉള്ളൂ. ജനങ്ങൾക്ക് ക്ഷേമ പെൻഷനും ആനുകൂല്യങ്ങളും കിട്ടുന്നില്ല. അഴിമതിയും സഹകരണ കൊള്ളയും മറയ്ക്കാനാണ് ഈ നാടകം. ഇത് സർക്കാരിന്റെ അന്ത്യ യാത്രയാണ്. അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ വിലാപയാത്രയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
നവകേരള സദസിനെ വിമർശിച്ച് യുഡിഎഫ് കൺവീനർ എം എം ഹസനും ഇന്ന് രംഗത്തു വന്നു. ഇന്നുമുതൽ നടക്കുന്നത് ദുരിത കേരള സദസ്സാണെന്ന് പറഞ്ഞ അദ്ദേഹം പരിപാടിയെ നവ കേരള ബെൻസ് യാത്രയെന്ന് പരിഹസിക്കുകയും ചെയ്തു. ജനത്തെ കബളിപ്പിക്കുന്ന യാത്രയാണിത്. ജനം പട്ടിണി കിടക്കുമ്പോൾ സർക്കാർ ധൂർത്തും ആഡംബരവും നടത്തുകയാണ്. ഈ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ അത് യുഡിഎഫ് എംഎൽഎമാർ ചെയ്യുന്ന ഹിമാലയൻ ബ്ലൻഡർ ആയേനെ എന്നും ഹസൻ പറഞ്ഞു. ഇത് രാഷ്ട്രീയപ്രചാരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടറാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചിരുന്നു.
നവകേരള സദസ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വിലാപയാത്രയെന്ന് കോണ്‍ഗ്രസ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സാധാരണക്കാരോട് യാതൊരു പ്രതിബദ്ധതയും ഇല്ലാതെ ഇത്തരം അശ്ലീലം സംഘടിപ്പിക്കുന്ന പ്രസ്ഥാനത്തെ ഇടതുപക്ഷം എന്ന് വിളിക്കാന്‍ സാധിക്കുമോയെന്നും കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.